വടക്കാഞ്ചേരി: കഞ്ചാവ് കടത്തുന്നതിനിടെ സ്ഥിരം കുറ്റവാളി പിടിയിൽ. എക്സൈസ് വടക്കാഞ്ചേരി റേഞ്ച് ഉദ്യോഗസ്ഥർ തലശ്ശേരി ഭാഗത്ത് നടത്തിയ പട്രോളിംഗിനിടെയാണ് സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് സഹിതം തലശ്ശേരി സ്വദേശി പുളിക്കൽ വീട്ടിൽ നാസറിനെ പിടികൂടിയത്. വടക്കാഞ്ചേരി റേഞ്ച് ഇൻസ്പെക്ടർ ടി. അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ വലയിലാക്കിയത്.
നേരത്തെ കഞ്ചാവു കേസിൽ പിടികൂടിയ മറ്റൊരു പ്രതിയിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പത്തു പൊതികളിലായി സൂക്ഷിച്ചു വച്ചിരുന്ന കഞ്ചാവു സഹിതം പിടികൂടിയത്. തലശ്ശേരി, ആറങ്ങോട്ടുകര, ദേശമംഗലം ഭാഗങ്ങളിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണിയാളെന്നാണ് വിവരം. വ്യാപകമായ പരാതിയെ തുടർന്ന് ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കഞ്ചാവ് വാങ്ങി 500 രൂപയുടെ ചെറു പൊതികളാക്കിയാണ് പ്രതി വിൽപ്പന നടത്തുന്നത്. പ്രിവന്റീവ് ഓഫീസർ കെ.എൻ. മോഹൻദാസ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സി.എം. സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ റെനിൽ രാജൻ, ഹരീഷ് വി.എം, എക്സൈസ് ഡ്രൈവർ രമേഷ് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക