തിരക്കഥാകൃത്തും സംവിധായകനുമായി മലയാള സിനിമയിൽ തിളങ്ങിയ സച്ചി വിടവാങ്ങിയിട്ട് ഇന്ന് ഒരു വർഷം. ഹൃദയാഘാതത്തെത്തുടര്‍ന്ന് തൃശൂരിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം വിടവാങ്ങിയത്.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ തിരക്കഥയിലും സംവിധാനത്തിലും തന്റേതായൊരു വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു സച്ചി. ഒരു വർഷം പിന്നീടുള്ള വേളയിൽ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് നടന് പൃഥ്വിരാജ്.
‘ചിരികൾ, ആശയങ്ങൾ, കഥകൾ, വിശ്വാസം, സച്ചി… ഒരു വർഷം….‘ എന്ന് സച്ചിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. അയ്യപ്പനും കോശിയും എന്ന ഹിറ്റ് ചിത്രത്തിന്റെ ആഘോഷങ്ങൾ തീരുന്നതിന് മുമ്പായിരുന്നു സച്ചിയുടെ വിയോഗം.
ബിജു മേനോനും പൃഥ്വിരാജുമായിരുന്നു ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. സുഹൃത്തും തിരക്കഥാകൃത്തുമായ സേതുവിനൊപ്പമാണ് സച്ചി തിരക്കഥ എഴുതി തുടങ്ങുന്നത്. ഇരുവരും ഒന്നിച്ച് നിരവധി ഹിറ്റുകളൊരുക്കി. ചോക്ളേറ്റാണ് (2007) ഇരുവരും ഒന്നിച്ച് തിരക്കഥ എഴുതിയ ആദ്യ ചിത്രം. പിന്നീട് ഇരുവരും സ്വതന്ത്ര തിരക്കഥാകൃത്തുക്കളായി. സച്ചിയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു അനാർക്കലി. രാമലീലയും ഡ്രൈവിങ് ലൈസന്‍സും ഉള്‍പ്പെടെ പന്ത്രണ്ട് ചിത്രങ്ങൾക്ക് തിരക്കഥകള്‍ എഴുതി. അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണ് സച്ചി സിനിമയിൽ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക