ക്രമം തെറ്റിയുള്ള ആര്‍ത്തവം സ്ത്രീകളെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. അമിതവണ്ണം, ശരീരത്തില്‍ അമിതമായ രോമവളര്‍ച്ച തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പിസിഒഎസിനെ നിയന്ത്രിക്കാനാകുമെന്ന് വ്യക്തമാക്കുകയാണ് ന്യൂട്രീഷനിസ്റ്റ്.
സ്ത്രീകളെ ബാധിക്കുന്ന ഒരു ഹോര്‍മോണല്‍ തകരാറാണ് പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രം അഥവാ പിസിഒഎസ്. ശരിയായ ചികിത്സയും ജീവിതശൈലിയും കൊണ്ട് ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കുന്ന അവസ്ഥയാണിത്. അന്തസ്രാവി ഗ്രന്ഥിയുടെ തകരാര്‍ മൂലം അണ്ഡാശയങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാത്തതാണ് പിസിഒഎസിനു കാരണം.
ഈ അവസ്ഥയെ നിയന്ത്രിക്കാനായി പ്രാതലിൽ പോഷകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. പയറ്, മുട്ട, മാംസം തുടങ്ങിയ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കാരണം അവ പഞ്ചസാരയുടെ ആസക്തി കുറയ്ക്കാനും അണ്ഡാശയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കും. നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് സാവധാനത്തിലാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.
ഹോർമോണുകളെ നിയന്ത്രിക്കാൻ ശരീരത്തിന് ദിവസവും വെജിറ്റബിൾ ജ്യൂസ് കുടിക്കുന്നത് ശീലമാക്കുക. എല്ലാ ദിവസവും കുറഞ്ഞത് ഒരു മണിക്കൂർ വ്യായാമം ചെയ്യുക. ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങൾ ഉപാപചയ പ്രവർത്തനത്തെ നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക