ബി.പി. കൂടുതലാണോ? ആയുര്വേദത്തില് ചികിത്സയുണ്ട്
ദശമൂലഹരീതകിയുടെ പ്രവർത്തനപഥം വിശകലനംചെയ്താൽ ആയുർവേദം രക്താതിമർദത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളത് തെളിഞ്ഞു കിട്ടും. ദശമൂലഹരീതകി മർമപ്രാധാന്യമുള്ള മൂന്ന് അവയവങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഹൃദയം, കരൾ, വൃക്ക എന്നിവയാണത്. ഇതിനു പുറമേ രക്തത്തിന്റെയും രക്തക്കുഴലുകളുടെയും ആരോഗ്യത്തിലും ദശമൂലഹരീതകി സ്വാധീനം ചെലുത്തുന്നു. ശരീരത്തിൽ രണ്ടു നിലയ്ക്കാണ് കൊഴുപ്പും തജ്ജന്യ മാലിന്യങ്ങളും സംഭരിക്കപ്പെടുന്നത്. ഒന്ന്-ആഹരിക്കപ്പെടുന്ന കൊഴുപ്പ് (dietary source). രണ്ട്-ഉപാപചയ പ്രക്രിയയ്ക്കുണ്ടാകുന്ന തകരാറുകൾ മൂലം (Metabolic errors) ഉത്പാദിപ്പിക്കപ്പെടുന്നവ. ഇത്തരം കൊഴുപ്പുകളുടെ വിഘടനവും പചനവും മറ്റും നിർവഹിക്കുന്നത് കരളോ കരളിന്റെ സഹായത്തോടുകൂടിയോ ആണ്.
ദശമൂലഹരീതകി ഒരു കരൾ സഹായിയായി പ്രവർത്തിക്കുന്നു. ഇതിന്റെ ഫലമായി രക്തത്തിലുള്ള കൊഴുപ്പിന്റെ തോത് കുറയുകയും തന്മൂലം രക്തക്കുഴലുകളിൽ സമ്മർദം ഏൽപ്പിക്കാതെയുള്ള രക്തചംക്രമണം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവയുടെ സുസ്ഥിതി നിലനിർത്തുന്നതിന് ശരീരത്തിനകത്തുള്ള ദ്രവസഞ്ചയം (fluid load) കൃത്യമായി നിലനിർത്തേണ്ടതുണ്ട്. സൂക്ഷ്മതലത്തിലുള്ള സംശോധന പ്രക്രിയ (Microcellular purification) വഴി ഇത് നിർവഹിക്കുവാൻ ദശമൂലഹരീതകിക്ക് കഴിയുന്നു.
തദ്വാരാ ഈ ഔഷധം വൃക്കയുടെ പ്രവർത്തനഭാരത്തെ ലഘൂകരിക്കുന്നു. അതുവഴി രക്തസമ്മർദത്തെ സാധാരണ നിലയിൽ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ദശമൂലഹരീതകിയിൽ പ്രധാനമായും ദശമൂലവും കടുക്കയും ആണ് ഉള്ളത്. ഇതിനു പുറമെ ഏലത്തരി, തിപ്പലി, ചവർക്കാരം മുതലായ ചില ഔഷധങ്ങളുമുണ്ട്. ഏലത്തരി പോലുള്ള ചേരുവകൾ ജൈവകോശങ്ങളിലേക്ക് ഔഷധവീര്യം സുഗമമായി എത്താനുള്ള സാധ്യത വർധിപ്പിക്കുന്നു (bioenhancer). ദശമൂലം എന്നാൽ പത്ത് വേരുകളുടെ മിശ്രണമാണ്.
രക്തസമ്മർദാധിക്യത്തിൽ സാധാരണ കാണുന്ന തലവേദന, കിതപ്പ് മുതലായ ലക്ഷണങ്ങളെ ഇല്ലായ്മ ചെയ്യാൻ ദശമൂലത്തിന് കഴിയും. ശരീരത്തിൽ അടിഞ്ഞുകൂടുന്ന ദ്രവരൂപത്തിലുള്ളതോ സ്രവങ്ങളിൽ അടിഞ്ഞുകിടക്കുന്നതോ ആയ മാലിന്യങ്ങളെ ഇല്ലാതാക്കാനും ദശമൂലം പ്രയോജനപ്പെടുന്നു. ഹരീതകി എന്നാൽ കടുക്കയാണ്. കടുക്കയിൽ ഉപ്പൊഴിച്ച് അഞ്ച് രസങ്ങളും (മധുരം, പുളി, കയ്പ്, എരിവ്, ചവർപ്പ്) ഉണ്ട്. ഉപ്പില്ലാത്ത ഔഷധം എന്ന നിലയ്ക്ക് കടുക്കയ്ക്ക് രക്താതിമർദത്തിന്റെ ചികിത്സയിൽ പ്രത്യേക സ്ഥാനമുണ്ട്.
ഹരീതകിയുടെ ഔഷധഗുണങ്ങളിൽ ഹൃദയരക്ഷയും ഉൾപ്പെടുന്നു. ശാരീരികവും മാനസികവും വൈകാരികവുമായ സന്തുലനാവസ്ഥ സൃഷ്ടിച്ചുകൊണ്ടാണ് ഹരീതകി ഹൃദയരക്ഷ നിർവഹിക്കുന്നത്. രക്താതിമർദം നിയന്ത്രിക്കുന്നതിനുള്ള ആയുർവേദ ചികിത്സാ സമീപനത്തെ ഇങ്ങനെ സംഗ്രഹിക്കാം: ഹൃദയം, കരൾ, വൃക്ക എന്നീ അവയവങ്ങളെ സുസ്ഥിതിയിൽ നിർത്താനുള്ള മാർഗങ്ങൾ യുക്തമായ ജീവിതചര്യയിലൂടെയും ഔഷധസേവയിലൂടെയും സ്വീകരിക്കുക.
രക്തധമനികളെ സ്വധർമനിർവഹണത്തിന് പ്രാപ്തമായ രീതിയിൽ സംരക്ഷിക്കുക. ധമനികൾക്ക് സങ്കോചം, അപചയം എന്നിവ ഉണ്ടാകാനിടയുള്ള സാഹചര്യം ഒഴിവാക്കുക. രക്തത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പ് വരുത്തുക. ഇക്കാര്യങ്ങൾ നിലനിർത്തുവാൻ തക്കരീതിയിൽ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കേണ്ടതുണ്ട്.
ഇതു സംബന്ധിച്ച ചില പ്രായോഗിക നിർദേശങ്ങൾ: ശരീരത്തിൽ അമിതമായ കൊഴുപ്പും തജ്ജന്യ മാലിന്യങ്ങളും സംഭരിക്കപ്പെടാതെ ശ്രദ്ധിക്കുക. ഇത് ആഹാര നിയന്ത്രണം, വ്യായാമം, ആവശ്യാനുസരണമുള്ള ഔഷധസേവ എന്നിവയിലൂടെയാണ് സാധിക്കേണ്ടത്. മലമൂത്രവിസർജനം കൃത്യമായി നിർവഹിക്കുക. ഇതിലുണ്ടാകുന്ന അപാകങ്ങൾ പരോക്ഷമായി രക്തസമ്മർദത്തെ വർധിപ്പിക്കും. രക്താതിമർദം പലപ്പോ ഴും ലക്ഷണമൊന്നും കാണിക്കില്ല. അതിനാൽ കൃത്യമായ ഇടവേളകളിൽ വൈദ്യപരിശോധന നടത്തി രക്തസമ്മർദം സാധാരണ നിലയിലാണെന്ന് ഉറപ്പുവരുത്തണം.
ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കണം. മാനസിക വിക്ഷോഭങ്ങൾക്ക് അടിമപ്പെടാതിരിക്കാൻ മനസ്സിനെയും ബുദ്ധിയെയും പരിശീലിപ്പിക്കുക. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് യുക്തമായ ആയുർവേദമരുന്നുകൾ, ധാര, തലപൊതിച്ചിൽ, വിരേചനം, വസ്തി മുതലായ ക്രിയക്രമങ്ങൾ (Therapeutic procedures) സഹായിക്കും. വൈദ്യനിർദേശപ്രകാരം വ്യക്ത്യനുസൃതമായി ചികിത്സകൾ രൂപപ്പെടുത്തണം. സർപ്പഗന്ധ, ജടാമാഞ്ചി, അശ്വഗന്ധ, രുദ്രാക്ഷം മുതലായ മരുന്നുകൾ രക്തസമ്മർദം കുറയ്ക്കുന്നു (Herbal antihypertensives).
ദശമൂലഹരീതകി ലേഹം, ദ്രാക്ഷാദി ക്വാഥം ടാബ്ലറ്റ്, മഹാതിക്തം ക്വാഥം ടാബ്ലറ്റ്, അശ്വഗന്ധാരിഷ്ടം മുതലായ മരുന്നുകൾ രക്താതിമർദം ഉണ്ടാക്കുന്ന സാഹചര്യങ്ങളെ അതിജീവിക്കാൻ സഹായിക്കുന്നു. ഇവയെ Disease Modifying Medicines എന്ന് വിശേഷിപ്പിക്കാം. അഭ്യംഗം, യോഗാസനങ്ങൾ, ശ്വസന വ്യായാമങ്ങൾ എന്നിവയും ചികിത്സയുടെ പരിധിയിൽ വരുന്നു. ഇവ അനുബന്ധചികിത്സകളാണ്. (Adjuvant therapies) ഉയർന്ന രക്തസമ്മർദത്തെ പെട്ടെന്ന് സാധാരണ നിലയിലേക്ക് കൊണ്ടുവരേണ്ടതിന് അടിയന്തര ചികിത്സ ആവശ്യമാണ്.
തുടർച്ചയായി നിൽക്കുന്ന രക്താതിമർദം ആപത്കാരിയാണ്. ഇത്തരം ഘട്ടങ്ങളിൽ രക്തസമ്മർദത്തെ കുറയ്ക്കുന്ന നൂതനങ്ങളായ ഔഷധങ്ങൾ ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം. തുടർചികിത്സയിൽ യുക്തിക്കനുസരിച്ച് ആയുർവേദ ഔഷധങ്ങൾ ഉപയോഗപ്പെടുത്തുകയുമാകാം. ആയുർവേദ മരുന്നുകൾക്ക് പാർശ്വഫല ങ്ങൾ താരതമ്യേന കുറവാ ണുതാനും
പ്രതികരിക്കാൻ ഇവിടെ എഴുതുക