പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. ജനുവരിയിൽ തിയറ്ററുകളിലെത്തിയ ചിത്രത്തെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഗാനങ്ങളുടെ എണ്ണത്തിലും അവയുടെ ജനപ്രീതിയിലും റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
‘മുകിലിന്റെ മറവുകളിൽ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സെൽവ എന്ന കഥാപാത്രം മരിക്കുന്നതും പിന്നാലെ ഇയാൾ ചെയ്തിരുന്ന കാര്യങ്ങൾ പ്രണവ് ഉൾപ്പടെ ഉള്ളവർ ചെയ്യുന്നതുമാണ് ഗാന രംഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചിത്രയാണ് മനോഹരമായ മെലഡി ഗാനം ആലപിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ വരികൾക്ക് സംഗീതം നൽകിയത് ഹിഷാം ആണ്.
15 പാട്ടുകളുമായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രം ശരിക്കും ഹൃദ്യമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, ദര്‍ശന രാജേന്ദ്രന് തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണി നിരന്നത്. താന്‍ പഠിച്ചിരുന്ന കോളേജ് തന്നെയാണ് ഹൃദയത്തില്‍ കാണിച്ചതെന്ന് വിനീത് വ്യക്തമാക്കിയിരുന്നു.
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. കൊവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പല പ്രധാന റിലീസുകളും മാറ്റിയപ്പോള്‍ പ്രഖ്യാപിച്ച റിലീസ് തീയതിയില്‍ തന്നെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ തീരുമാനം. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബ്ബിലേക്ക് ചിത്രം കടക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക