തിരക്കേറിയ ജീവിതശൈലിയിൽ ശരീരഭാരം വർധിക്കുക എന്നത് പലരുടെയും പ്രധാന പ്രശ്നമായി മാറികൊണ്ടിരിക്കുകയാണ്. അമിതവണ്ണം അല്ലെങ്കിൽ പൊണ്ണത്തടി ഹൃദ്രോഗം, പ്രമേഹം, സന്ധി വേദന, തുടങ്ങിയ പല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാനായി ഭക്ഷണം കുറച്ചതുകൊണ്ട് മാത്രം കാര്യമില്ല. അതിനൊപ്പം കൃത്യമായി വ്യായാമം ചെയ്യുകയും ചില ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയും വേണം. എന്തൊക്കെ ഭക്ഷണങ്ങൾ ഇതിനായി ഉൾപ്പെടുത്താം എന്ന് നോക്കാം.
മധുരം ഇഷ്ടമുള്ളവർ ആണെങ്കിൽ ചോക്ലേറ്റ് ഒഴിവാക്കി ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. ഡാർക്ക് ചോക്ലേറ്റ് രക്തസമ്മര്‍ദ്ദം കുറക്കാനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ധാരാളം നാരുകളും പ്രോട്ടീനുകളും അടങ്ങിയതും കൊഴുപ്പ് കുറവായതുമായ ഓട്സ് പതിവാക്കുന്നത് ശരീരഭാരം കുറക്കുന്നതിന് വലിയ രീതിയില്‍ ഗുണം ചെയ്യും. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഓട്സ് വളരെ നല്ലതാണ്.
പ്രഭാത ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നതും അമിത വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കും. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർ ആണെങ്കിൽ ദിവസേന മുട്ട കഴിക്കാൻ ശ്രദ്ധിക്കണം. ഇത് ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതു വരെ വിശപ്പിനെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കും. രാവിലെ ഉയർന്ന അളവിൽ പ്രോട്ടീൻ കഴിച്ചാൽ ദിവസം മുഴുവൻ കുറഞ്ഞ കലോറി മാത്രമേ ശരീരത്തിന് ആവശ്യമായി വരികയുള്ളു എന്നതിനാലാണ് മുട്ട ഒഴിവാക്കരുത് എന്ന് പറയുന്നത്.
ഭക്ഷണം കഴിക്കുന്നതിന് കുറച്ചു സമയം മുൻപ് ആപ്പിൾ കഴിക്കുകയാണെങ്കിൽ പിന്നീട് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സാധിക്കും. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്ന ആപ്പിൾ ദഹനത്തിനും ഗുണം ചെയ്യും. ഇതുപോലെ അവക്കാഡോ കഴിക്കുന്നതും വളരെയധികം ഗുണം ചെയ്യും. പ്രഭാത ഭക്ഷണത്തിന്റെയോ ഉച്ച ഭക്ഷണത്തിന്റെയോ അളവിൽ പകുതി അവക്കാഡോ ആക്കിയാൽ വിശപ്പ് തോന്നിക്കുന്നത് തടയും.
തലച്ചോറിന്റെ വളർച്ചയ്ക്കും ഓർമശക്തി കൂട്ടാനും സഹായിക്കുന്ന വാള്‍നട്സിൽ ധരാളം ആരോഗ്യഗുണങ്ങൾ ഉണ്ട്. നാരുകൾ, ഫാറ്റ്സ്, ഒമേഗ 3 ഫാറ്റി ആസിഡ് മറ്റ് അവശ്യപോഷകങ്ങൾ തുടങ്ങിയവയാൽ സമ്പന്നമാണ് വാള്‍നട്സ്. ദിവസവും ഒരു പിടി വാള്‍നട്സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര് പറയുന്നത്. ഇവയിൽ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്ന ഒമേഗ –3 ഫാറ്റി ആസിഡുകളും നീർക്കെട്ട് കുറയ്ക്കുന്ന പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നു കൂടിയാണ് വാള്‍നട്സ് .
വെള്ളം കുടിക്കുന്നതിനേക്കാള്‍ എന്തെങ്കിലും ലഘുവായി കഴിക്കണമെന്ന് തോന്നുണ്ടെങ്കിൽ അത് നിർജലീകരണം ബാധിച്ചിരിക്കുന്നതിന്റെ ലക്ഷണമാണ്. ശരീരത്തിന് ആവശ്യമുള്ള വെള്ളം ലഭ്യമാക്കുക എന്നതാണ് ചെയ്യേണ്ട കാര്യം. വിശപ്പ് തോന്നുമ്പോള്‍ രണ്ട് ഗ്ലാസ് വെള്ളം കുടിക്കുക. ശേഷം വിശപ്പ് താനേ ശമിക്കുന്നത് കാണാം. എന്നിട്ടും വിശപ്പ് മാറുന്നില്ലെങ്കില്‍ മാത്രം ലഘുവായി ഭക്ഷണം കഴിക്കുക.
ആന്റി ഓക്സിഡന്റുകളുടെയും വൈറ്റമിൻ-ഇ, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, ഫൈബര്‍ എന്നിവയുടെയെല്ലാം സ്രോതസായ ബദാം വിശപ്പിനെ പെട്ടെന്ന് ശമിപ്പിക്കാനും ദീര്‍ഘനേരത്തേക്ക് വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കാനും സഹായിക്കും. അമിത വിശപ്പ് തോന്നുന്നതിന് പിന്നിൽ ചില കാരണങ്ങളുണ്ട്. ഉറക്കമില്ലായ്മ, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, അമിത വ്യായാമം, അമിത മദ്യപാനം, അമിത സമ്മർദം എന്നിവയാണ് അവയിൽ ചിലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക