കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രം ചാവേറിന്റെ റിലീസ് തീയതി നീട്ടി. മലയാളി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ 5ന് തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാക്കൾ തന്നെയാണ് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, അർജുൻ അശോകര് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. സ്വന്തം പാർട്ടിയെ ജീവനെപ്പോലെ വിശ്വസിക്കുന്ന, പാർട്ടിക്ക് വേണ്ടി സ്വന്തം ജീവൻ പോലും നോക്കാതെ ഇറങ്ങിപ്പുറപ്പെടുന്നവരുടെയും കൊണ്ടും കൊടുത്തും പയറ്റി തെളിഞ്ഞവരുടെയും ഒക്കെ ജീവിതം പറയുന്ന ഒരു പൊളിറ്റിക്കൽ ട്രാവൽ ട്രെയിലർ ആയി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ 40 ലക്ഷത്തോളം ആളുകളാണ് കണ്ടത്.
ഇതിനു മുൻപ് പുറത്തിറങ്ങിയ അജഗജാന്തരം,സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ തുടങ്ങി തന്റെ 2 ചിത്രങ്ങളും വൻ ഹിറ്റുകൾ ആക്കി തീർത്ത ടിനു പാപ്പച്ചന്റെ ചാവേറിനായി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. പ്രേക്ഷകരുടെ ആകാംക്ഷയ്ക്കൊത്ത് ഉയർന്ന നിലവാരമുള്ളതായിരുന്നു ചിത്രത്തിന്റെ ട്രെയിലറും.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിൽ ഉണ്ടാകുന്ന രക്തരൂഷിതമായ സംഭവങ്ങളും ഒക്കെയാണ് സിനിമയ്ക്ക് പശ്ചാത്തലം ആകുന്നത്. ശ്രീനിവാസൻ നായകനായി എത്തിയ ‘ചിന്താവിഷ്ടയായ ശ്യാമള’ എന്ന ചിത്രത്തിലൂടെ ജനശ്രദ്ധയാകർഷിച്ച നടി സംഗീത വേറിട്ടൊരു ഗെറ്റപ്പിൽ ചാവേറില് എത്തുന്നുണ്ട്.
നടൻ ജോയ് മാത്യു ഒരുക്കിയ തിരക്കഥയിൽ രാഷ്ട്രീയ കൊലപാതകങ്ങളും ഒട്ടേറെ നിഗൂഢതകളും ഉദ്യോഗജനകമായ കഥാ മുഹൂർത്തങ്ങളും ത്രില്ലും സസ്പെൻസും ഒക്കെ നിറഞ്ഞു നിൽക്കുന്നുണ്ട്. അരുൺ നാരായൺ, വേണു കുന്നപ്പള്ളി എന്നിവർ ചേർന്ന് കാവ്യാ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ ആണ് ചിത്രം നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക