ഫോൺ നമ്പർ വെളിപ്പെടുത്താതെ തന്നെ ചാറ്റ് ചെയ്യാൻ സാധിക്കുന്ന പ്രൈവസി ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഇതിനായി വാട്സാപ്പിൽ പുതിയ യൂസർ നെയിം ഫീച്ചർ അവതരിപ്പിച്ചു. സ്വകാര്യത വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാവുന്നതാണ് പുതിയ ഫീച്ചർ.
നിരവധി ഗ്രൂപ്പുകളിൽ സജീവമായ ഉപഭോക്താക്കൾക്ക് അപരിചിതരായ ആളുകൾ ഗ്രൂപ്പുകളിൽ നിന്ന് ഫോൺ നമ്പറുകൾ സംഘടിപ്പിച്ച് ശല്യപ്പെടുത്തുന്നത് തടയുന്നതിന് ഈ സംവിധാനം സഹായകമാകും. ടെലഗ്രാമിൽ മുമ്പേ തന്നെ ഉള്ള ഈ ഫീച്ചർ വാട്സ്ആപ്പിന്റെ ബീറ്റാ പതിപ്പിൽ ഏതാനും ദിവസം മുമ്പ് കണ്ടെത്തിയിരുന്നു.
പുതിയ അപ്ഡേറ്റ് അനുസരിച്ച് പ്രൊഫൈൽ സെറ്റിംഗ്സിൽ പേര് സെറ്റ് ചെയ്യുന്ന ഓപ്ഷന് പുറമേ യൂസർ നെയിം ഫീച്ചർ കൂടി വൈകാതെ ലഭ്യമായി തുടങ്ങും. പരസ്പരം പങ്കുവെക്കേണ്ടി വരുമെന്നതിനാൽ ഓരോ യൂസർ നെയിമുകളും വ്യത്യസ്തമായിരിക്കേണ്ടത് നിർബന്ധമാണ്.
യൂസർ നെയിമുകളിൽ അതുകൊണ്ടുതന്നെ അക്ഷരങ്ങൾക്ക് പുറമേ അക്കങ്ങളും മറ്റും ചേർക്കേണ്ടിയും വരാം. വ്യക്തികൾക്ക് പുറമെ ബിസിനസ് സ്ഥാപനങ്ങൾക്കും ഫോൺ നമ്പർ വെളിപ്പെടുത്താതെ യൂസർ നെയിം ഫീച്ചർ ഉപയോഗപ്പെടുത്താൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക