ജീവിതശൈലിയുമായി ബന്ധപ്പെട്ട സ്ട്രോക്ക് ഇപ്പോള്‍ ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള മരണത്തിനും വൈകല്യത്തിനും ഏറ്റവും പ്രധാന കാരണങ്ങളിലൊന്നാണ് സ്ട്രോക്ക്. തലച്ചോറിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തിക്കുന്ന ഒരു രക്തക്കുഴല്‍ കട്ടപിടിക്കുകയോ പൊട്ടുകയോ ചെയ്യുന്ന അവസ്ഥയെ സ്ട്രോക്ക് എന്ന് പറയുന്നത്.
ഒരിക്കല്‍ സ്ട്രോക്ക് വന്നിട്ടുണ്ടെങ്കില്‍ അത് ആവര്‍ത്തിക്കാനുള്ള സാധ്യത പലമടങ്ങ് വര്‍ധിക്കും. മിക്ക സ്ട്രോക്കുകള്‍ക്കും കാരണമാകുന്ന ചില അപകടസാധ്യതാഘടകങ്ങള്‍ പരിഹരിക്കുന്നതിലൂടെ 90% വരെ സ്ട്രോക്ക് തടയാന്‍ കഴിയും. സ്ട്രോക്കിനുള്ള പ്രധാന അപകടഘടകം നമ്മുടെ ജീനാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, അമിതഭാരം, പുകവലി, മയക്കുമരുന്നുകള്‍, മാനസിക പിരിമുറുക്കം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ, ഹൃദ്രോഗങ്ങള്‍, അമിത പ്രമേഹം, കരോട്ടിഡ് ആര്‍ട്ടറി രോഗം, പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് എന്നിവയാണ് മറ്റ് അപകട ഘടകങ്ങള്‍.
സ്ട്രോക്ക് വന്നയാള്‍ക്ക് എത്ര നേരത്തെ ചികിത്സ ആരംഭിക്കുന്നുവോ അത്രയും മികച്ച ഫലം ലഭിക്കും. ഉടനടിയുള്ള ചികിത്സയാണ് ഏറ്റവും പ്രധാന ഘടകം. ഏതെങ്കിലും വൈകല്യത്തിന്റെ പെട്ടെന്നുള്ള ആവിര്‍ഭാവം കാണുമ്പോഴാണ് അത് സ്ട്രോക്ക് ആണെന്ന് പലരും മനസ്സിലാക്കുന്നത്. അത് മുഖത്തെ വ്യതിയാനം, ബലഹീനത, സംസാരത്തിലെ മന്ദത, പെട്ടെന്നുള്ള അന്ധത, പൊടുന്നനേയുള്ള ഓര്‍മ്മക്കുറവ് , പെട്ടെന്നുള്ള തലകറക്കം അല്ലെങ്കില്‍ കടുത്ത തലവേദന എന്നിവ ആകാം. സ്ട്രോക്ക് വന്നയാളെ എത്രയും പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക