തണുപ്പുകാലമിങ്ങെത്തി. ഒപ്പം അവധിക്കാലവും. തണുപ്പിൽ മൂടിപ്പുതച്ച് മനം നിറയെ മഞ്ഞു നിറച്ചൊരു യാത്ര ആരും ആഗ്രഹിക്കുന്നതാണ്. തണുപ്പ് എന്ന കേൾക്കുമ്പോളെ മനസിൽ ഓടിയെത്തുന്നത് ഇടുക്കിയിലെ മൂന്നാർ ആണ്. ആരെയും ആകർഷിക്കുന്ന തരത്തിൽ മൂന്നാറിൽ മഞ്ഞുകാലമെത്തിക്കഴിഞ്ഞു. മഞ്ഞ് പെയ്യുന്നതിനൊപ്പം മൂന്നാറിൽ സഞ്ചാരികളും പെയ്തിറങ്ങിത്തുടങ്ങി. എന്നാൽ തണുപ്പ് ആസ്വദിക്കാൻ മൂന്നാറ് മാത്രമല്ല, അറിയുന്നതും അടിയപ്പെടാത്തതുമായ നിരവധി സ്ഥലങ്ങൾ ഇടുക്കിയിൽ ഉണ്ട്. ഈ മഞ്ഞു കാലത്ത്, ഇടുക്കിയിലെ ഈ സ്ഥലങ്ങൾ പരിചയപ്പെട്ടാലോ…
പുന്നയാർ വെള്ളച്ചാട്ടം
ഇടുക്കിക്കാരുടെ അതിരപ്പള്ളിയാണ് പുന്നയാർ വെള്ളച്ചാട്ടം. കൊച്ചഅതിരിപ്പിള്ളി എന്നും ഈ സ്ഥലം അറിയപ്പെടുന്നു. പെരിയാറിന്റെ കൈവഴിയായ പുന്നയാർ ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരം ഒഴുകിവന്ന ശേഷമാണ് ഇവിടെ താഴേക്ക് പതിക്കുന്നത്. മഴയിലാണ് പുന്നയൂർ വെള്ളച്ചാട്ടം മനോഹരമാകുന്നതെങ്കിലും ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയങ്ങളിൽ ഇവിടം സന്ദർശിക്കാം. തൊടുപുഴയിൽ നിന്നും 40 കിമി ഉണ്ട്. വണ്ണപ്പുറം- വെണ്മണി – കഞ്ഞിക്കുഴി – വട്ടോൻപാറ ജംഗ്ഷന് വഴി ഇവിടേക്ക് വരാം.
കൊളുക്കുമലൈ
മൂന്നാറിൽ നിന്നും ഏകദേശം 35 കിമി സഞ്ചരിച്ച് കഴിഞ്ഞാൽ കൊളുക്കുമലയിൽ എത്താം. തമിഴ്നാട്ടില് തേനി ജില്ലയില് ബോഡിനായ്ക്കനൂർ മുൻസിപ്പാലിറ്റിയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലാണ് ഈ സ്ഥലമെങ്കിലും ഇവിടേക്കുള്ള റോഡ് മാർഗം വഴിയുള്ള പ്രവേശനം കേരളത്തിലൂടെ മാത്രമാണ്. ജീപ്പ് മാർഗത്തിലൂടെ വേണം ഇവിടേക്ക് എത്താൻ. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടവും ഇവിടെയാണ്.
മാമലക്കണ്ടം
ഇടുക്കിയിലെ കുട്ടൻപുഴ പഞ്ചായത്തിലാണ് മാമലക്കണ്ടം. നഗരത്തിലെ ബഹളങ്ങളിൽ നിന്നൊക്കെ വിട്ടുമാറി നിൽക്കുന്ന ഈ ഗ്രാമം ഇപ്പോൾ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിൽ ഒന്നാണ്. കുന്നുകളും നീരരുവികളും കാട്ടുചോലകളുമെല്ലാം മാമലക്കണ്ടത്തിന് ഭംഗി പകരുന്നു. കാട്ടാനകളുടെ വിഹാരകേന്ദ്രമാണ് മാമലകണ്ടം. മുനിയറ, കോയിനിപ്പറ ഹിൽസ്, കല്ലടി വെള്ളച്ചാട്ടം,ആവാറുകുട്ടി തുടങ്ങിയ സ്ഥലങ്ങളും ഇവിടെയെത്തിയാൽ സന്ദർശിക്കും.
തൂവാനം വെള്ളച്ചാട്ടം
ഇടുക്കിയിലെ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കാടിനുള്ളിലൂടെ നടന്ന് വേണം വെള്ളച്ചാട്ടത്തിന് അടുത്തെത്താൻ. ഏകദേശം നൂറടി ഉയരത്തിൽ നിന്നാണ് ഇത് താഴേക്ക് പതിക്കുന്നത്.മൂന്നാറിൽ നിന്നും 60 കിലോമീറ്റർ ദൂരത്താണ് ഈ സ്ഥലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക