ഹൈപ്പർടെൻഷൻ ഇന്ന് സാധാരണയായി കണ്ട് വരുന്ന ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ്. ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൈപ്പർടെൻഷൻ, ധമനികളിലെ ഭിത്തികളിൽ രക്തം വളരെ ശക്തമായി അമർത്തുന്ന ഗുരുതരമായ ആരോഗ്യാവസ്ഥയാണ്.
ഇത് ധമനികളുടെ ശരിയായ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. ധമനികൾക്ക് കേടുപാടുകൾ വരുത്തുന്നതിന് പുറമേ, ഇത് ഹൃദ്രോഗം, സ്ട്രോക്ക്, വൃക്കകളുടെ പ്രവർത്തനം നിലയ്ക്കൽ തുടങ്ങിയ പ്രധാന ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ‘നിശബ്ദ കൊലയാളി’ എന്നും ഈ രോഗത്തെ വിളിക്കാറുണ്ട്. അതുകൊണ്ട് തന്നെ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നത് വഴി ഹൈപ്പർടെൻഷനും നിയന്ത്രിക്കാനാവും.
ദിവസേനയുള്ള ഭക്ഷണത്തിൽ ചില ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൈപ്പർ ടെൻഷൻ നിയന്ത്രിക്കാൻ സഹായിക്കും. അവ പരിചയപ്പെടാം.
മാതള നാരങ്ങ: ഇതിൽ ആന്റി ഓക്സിഡന്റുകളും ബയോ ആക്റ്റീവ് പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹൈപ്പർ ടെൻഷൻ നിയന്ത്രിക്കാൻ സഹായിക്കും.
ഞാവൽ പഴം: ഹൈപ്പർടെൻഷനെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച പഴമാണ്. ഇതിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം പേശികളുടെ ആരോഗ്യത്തിന് നല്ലതാണ്. അതോടൊപ്പം തന്നെ ഉയർന്ന കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയുടെയും അളവ് നിയന്ത്രിക്കുന്നതിനും ഞാവൽ പഴം നല്ലതാണ്.
ബീറ്റ്റൂട്ട്: ദഹനപ്രക്രിയയിലൂടെ നൈട്രിക് ഓക്സൈഡായി മാറുന്ന നൈട്രേറ്റുകൾ അടങ്ങിയിരിക്കുന്ന ഒന്നാണ് ബീറ്റ്റൂട്ട്. അതുകൊണ്ട് തന്നെ ഉന്മേഷവും ഉണർവും ഇത് വഴി ലഭിക്കും. ദിവസവും ബീറ്റ്റൂട്ട് പാനീയങ്ങളോ, അത് ഉൾപ്പെടുത്തിയ ഭക്ഷണങ്ങളോ കഴിക്കുന്നത് നല്ലതാണ്.
വെളുത്തുള്ളി: ഇതിൽ അടങ്ങിയിട്ടുള്ള അലിസിൻ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
ഉലുവ: രക്തസമ്മർദ്ദം നിന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് ഉലുവ. നാരുകൾ, കാൽസ്യം എന്നിവ ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്, അവ ശരീരത്തിലെ എൽഡിഎൽ / ടിജിയുടെ എന്നിവയുടെ അളവ് കുറയ്ക്കും. ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
തക്കാളി: സോഡിയത്തിന്റെ ഫലങ്ങളെ പ്രതിരോധിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്ന പൊട്ടാസ്യത്തിന്റെ നല്ല ഉറവിടമാണ് തക്കാളി. രണ്ടാഴ്ചയോളം തക്കാളി ജ്യൂസ് കഴിച്ചതിന് ശേഷം രക്തസമ്മർദ്ദമുള്ള രോഗികളുടെ രക്തസമ്മർദ്ദം ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി.
ചെമ്പരത്തി ചായ: രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ഒരു ഹെർബൽ പാനീയമാണ് ചെമ്പരത്തി ചായ. പഠനമനുസരിച്ച്, ആറാഴ്ചയോളം ചെമ്പരത്തി ചായ കുടിച്ചവരിൽ രക്തസമ്മർദ്ദം ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക