കുട്ടികൾക്കും മുതിർന്നവർക്കും വളരെയധികം ഇഷ്ടമുള്ള ഒന്നാണ് പീനട്ട് ബട്ടർ. ബ്രഡിലും ചപ്പാത്തിയിലും പുരട്ടി കഴിക്കാവുന്ന സ്പ്രെഡ് ആണ് നിലക്കടലയുടെ പോഷകഗുണങ്ങളുള്ള പീനട്ട് ബട്ടർ. പ്രോട്ടീന്റെ കലവറയാണ് പീനട്ട് ബട്ടർ. 100 ഗ്രാം പീനട്ട് ബട്ടറിൽ 25 മുതൽ 30 ഗ്രാം വരെ പ്രോട്ടീൻ ഉണ്ട്.
പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ കുട്ടികള്‍ക്ക് ഊര്‍ജ്ജം നല്കുവാന് പറ്റിയ മികച്ചൊരു ഭക്ഷണമാണെന്ന് തന്നെ പറയാം.
പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, ഫോളേറ്റ്, നിയാസിൻ, വൈറ്റമിൻ ഇ, സി, എ, സോഡിയം, മഗ്നീഷ്യം, കാത്സ്യം, മാംഗനീസ്, ഫോസ്ഫറസ്, സെലീനിയം, കോപ്പർ, അയൺ, സിങ്ക്, തയാമിൻ, റൈബോഫ്ലേവിൻ, പിരിഡോക്സിൻ, പാന്റോതെനിക് ആസിഡ് എന്നീ പോഷകങ്ങളാൽ സമ്പന്നമാണ് പീനട്ട് ബട്ടർ.
സാച്ചുറേറ്റഡ് ഫാറ്റ് ഇല്ലാത്തതിനാൽ ഇത് പതിവായി ഉപയോഗിക്കാം. നിലക്കടല കഴിച്ച് ഭാരം കൂടുമോ എന്ന പേടി വേണ്ട. നിലക്കടല യഥാർഥത്തിൽ ഭാരം കുറയ്ക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്.
ഓർമ്മശക്തി വർദ്ധിപ്പിക്കാനും മലബന്ധം അകറ്റാനും പീനട്ട് ബട്ടർ ഏറെ നല്ലതാണ്. പീനട്ട് ബട്ടർ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.
തയ്യാറാക്കുന്ന വിധം…
കപ്പലണ്ടി (വറുത്ത് തൊലി കളഞ്ഞത് ) നാല് കപ്പ് അൽപം പോലും വെള്ളത്തിന്റെ അംശം പറ്റിപ്പിടിച്ചിരിക്കാത്ത മിക്സിയിൽ നല്ലത് പോലെ പൊടിച്ചെടുക്കുക. ശേഷം പൊടിച്ച കപ്പലണ്ടിയിൽ 4 ടേബിൾസ്പൂൺ സൺഫ്ലവർ ഓയിലും 3 ടേബിൾ സ്പൂൺ തേനും രണ്ട് നുള്ള് ഉപ്പും രണ്ടോ മൂന്നോ തുള്ളി വാനില എസെൻസും ചേർത്ത് മിക്സിയിൽ നല്ലതുപോലെ യോജിപ്പിച്ചെടുക്കുക. ശേഷം കുപ്പിയിലേക്ക് പകർത്തി ഫ്രിഡ്ജിൽ വച്ചിരുന്നാൽ കേട് വരാതെ സൂക്ഷിക്കാം. (ഇതിൽ സൺഫ്ലവർ ഓയിലിന് പകരം ബട്ടറോ മറ്റേതെങ്കിലും എണ്ണയോ ചേർക്കാവുന്നതാണ്. വെളിച്ചെണ്ണ ഉപയോഗിക്കരുത്).
പ്രതികരിക്കാൻ ഇവിടെ എഴുതുക