ശരിയായ ആരോഗ്യത്തിന് ദിവസവും ആഹാരത്തില്‍ പച്ചക്കറികളും ഇലക്കറികളും പഴങ്ങളും ധാന്യങ്ങളും പയറുവര്‍ഗങ്ങളും ധാരാളമായി ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇവയെ പോലെ തന്നെ പ്രധാനപ്പെട്ടതാണ് ദിവസേന മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കുന്നതും.
സാധാരണയായി ചെറുപയറാണ് നാം കൂടുതലായും മുളപ്പിച്ച് കഴിക്കുന്നത്. എന്നാല്‍ പരിപ്പുകള്‍, സോയാബീന്‍സ്, കിഡ്നി ബീന്‍സ്, അരി, കടല, ഓട്സ് തുടങ്ങി പലതരത്തിലുള്ള വിത്തുകളും ധാന്യങ്ങളും മുളപ്പിച്ച് കഴിക്കാം. കടുക്, ഉലുവ, റാഡിഷ്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികള്‍ മുളപ്പിച്ച് ഇലയോടുകൂടി കഴിക്കുന്നവരും നിരവധിയാണ്. പലതരത്തിലുള്ള നട്ട്സുകളും വിത്തുകളും മുളപ്പിച്ച് കഴിക്കാം.
നാം പൊതുവേ ഉപയോഗിയ്ക്കുന്ന ഒന്നാണ് കടല. ഇതില്‍ ബ്രൗണ്‍ നിറത്തിലെ കടലയ്ക്ക് ഏറെ ഗുണങ്ങളുണ്ട്. ഇത് മുളപ്പിച്ച് വേവിച്ചോ അല്ലാതെയോ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം നല്‍കും. മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുടെ മികച്ച ഉറവിടമാണ് കടല. ഇതില്‍ വിറ്റാമിന്‍ എ, ബി 6, സിങ്ക്, മാംഗനീസ് തുടങ്ങിയ അവശ്യ വിറ്റാമിനുകളും അതോടൊപ്പം ധാതുക്കളും ഉണ്ട്.
പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന മികച്ചൊരു ഭക്ഷണ വസ്തുവാണ് ഇത്. കടല മുളപ്പിച്ചത് വേവിച്ചു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. വേവിയ്ക്കാതെ പച്ചയ്ക്ക് കഴിയ്ക്കുന്നതും ഗുണം ചെയ്യും.
പ്രോട്ടീന്‍, ഫൈബര്‍ എന്നിവയുടെ മികച്ച ഉറവിടമായ ഇതില്‍ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇതില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന നാരുകളുടെ സാന്നിധ്യം പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
ചര്‍മാരോഗ്യത്തിനും ഏറെ നല്ലതാണ് കടല. കടലയില്‍ മാംഗനീസ് ഉള്ളതിനാല്‍ ഇത് ചര്‍മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍ക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകള്‍ക്കെതിരേ പോരാടാന്‍ സഹായിക്കുന്നു
ശരീരത്തിന് പ്രതിരോധശേഷി നല്കാന് സഹായിക്കുന്ന ഒന്നാണിത്.ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ വൻകുടൽ, സ്തന, ശ്വാസകോശ അർബുദം എന്നിവയുടെ സാധ്യതകളെ കുറയ്ക്കാൻ സഹായകമാണെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക