ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് ഞാവൽപ്പഴം. ഇത് വെറുതെ പഴമായി കഴിക്കാനും പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താനും ബേക്ക് ചെയ്ത വിഭവങ്ങളിലും ജാം ഉണ്ടാക്കാനുമെല്ലാം ഉപയോഗപ്പെടുത്താറുണ്ട്.
രക്തസമ്മർദം കുറയ്ക്കാനും പ്രമേഹത്തെ ചെറുക്കാനും ഹൃദ്രോഗ സാധ്യത ഇല്ലാതാക്കാനുമെല്ലാം ഞാവൽപ്പഴം സഹായിക്കുമെന്ന് പറയന്നു. കലോറി മൂല്യം കുറവും പോഷകങ്ങളുടെ അളവ് കൂടുതലുമാണ്.
മഗ്നീഷ്യം, കാത്സ്യം, വിറ്റാമിൻ B1, B6 എന്നീ പോഷകഘടങ്ങളാലും സമ്പുഷ്ടമാണ് ഞാവൽപ്പഴം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും ഞാവൽ പഴം കഴിക്കുന്നത് നല്ലതാണ്.
ഇത്രയും ആരോഗ്യ ഗുണങ്ങൾ ഉള്ള ഞാവൽ പഴം കൊണ്ട് നല്ല രുചികരമായ അച്ചാർ തയ്യാറാക്കിയാലോ…
വേണ്ട ചേരുവകൾ…
ഞാവൽ പഴം 1/2 കിലോ
ഇഞ്ചി 2 സ്പൂൺ
വെളുത്തുള്ളി 2 സ്പൂൺ
ഉലുവ 1/2 സ്പൂൺ
നല്ലെണ്ണ 4 സ്പൂൺ
കടുക് 1 സ്പൂൺ
ചുവന്ന മുളക് 4 എണ്ണം
കറിവേപ്പില 2 തണ്ട്
മുളക് പൊടി 2 സ്പൂൺ
കാശ്മീരി ചില്ലി 2 സ്പൂൺ
ഉപ്പ് 1 സ്പൂൺ
മഞ്ഞൾ പൊടി 1/2 സ്പൂൺ
കായപ്പൊടി 1/2 സ്പൂൺ
തയ്യാറാകുന്ന വിധം…
ആദ്യം ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിക്കണം. കടുക് ചേർത്ത് പൊട്ടി കഴിയുമ്പോൾ, ചുവന്ന മുളക്, കറി വേപ്പില, ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, ചേർത്ത് നന്നായി വഴറ്റി ഒപ്പം മഞ്ഞൾ പൊടി, കാശ്മീരി മുളക് പൊടി, ചേർത്ത് ഇളക്കി യോജിപ്പിക്കണം.
അതിലേക്ക് ഞാവൽ പഴം ചേർത്ത്, എരിവുള്ള മുളക് പൊടി ചേർത്ത്, ഉപ്പും കായ പൊടിയും ചേർക്കണം. ചെറിയ തീയിൽ 5 മിനിട്ട് വച്ചതിനു ശേഷം വായു കടക്കാത്ത ഒരു കുപ്പിയിൽ ആക്കി സൂക്ഷിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക