സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ ജാഗ്രതൈ. ഈ വർഷത്തെ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി അവസാനിക്കുന്നത് മാർച്ച് അഞ്ചിന് വൈകിട്ട് ആറുമണിക്കാണ്. യു പി എസ് സി പ്രസിദ്ധീകരിച്ചിരിക്കുന്ന വിജ്ഞാപനം വഴി ഐ എഫ് എസ്, ഐ പി എസ്, ഇന്ത്യൻ റവന്യൂ സർവീസ്, ഇന്ത്യൻ ഇൻഫർമേഷൻ സർവീസ്, ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവീസ് തുടങ്ങിയ കേന്ദ്രസർക്കാറിന്റെ 21 സേവനമേഖലകളിലേക്കുള്ള 156 ഒഴിവുകളിലേക്കുള്ള നിയമനത്തിനാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.
മെയ് 26ന് നടക്കുന്ന പരീക്ഷക്ക് കേരളത്തിലെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. എംബിബിഎസ്, ബിഡിഎസ് ഇന്റേൺഷിപ്പ്കാർക്കും അംഗീകൃത സർവ്വകലാശാല ബിരുദം ഉള്ളവർക്കും അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും സിവിൽ സർവീസിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
2024 ഓഗസ്റ്റ് ഒന്നിനകം 32 വയസ്സ് കവിയാത്തവരും 21 വയസ്സ് പൂർത്തീകരിച്ച വരും ആയിരിക്കണം അപേക്ഷകർ. സംവരണ വിഭാഗങ്ങൾക്ക് അർഹമായ ഇളവുകൾ ഉണ്ടായിരിക്കും. ജനറൽ വിഭാഗത്തിലുള്ളവർക്ക് ആറുതവണയും ഒ ബി സി / ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക് 9 തവണയും പട്ടികജാതി വർഗ്ഗ വിഭാഗക്കാർക്ക് തവണ നിശ്ചയിക്കാതെയും പരീക്ഷ എഴുതാൻ സാധിക്കും.
100 രൂപ പരീക്ഷ ഫീസായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും വനിതകൾക്കും സംവരണ വിഭാഗക്കാർക്കും ഫീസ് നൽകേണ്ടതില്ല. പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നീ 3 ഘട്ടങ്ങളായാണ് പരീക്ഷ നടക്കുക. ഒരു സ്ക്രീനിങ് ടെസ്റ്റ് ആയി നടത്തുന്ന പ്രിലിമിനറി പരീക്ഷ ജയിക്കുന്നവർ മെയിൻ പരീക്ഷക്ക് ഹാജരാക്കുകയും മെയിൻ പരീക്ഷയിൽ മികച്ച മാർക്ക് നേടുന്നവരെ പേഴ്സണാലിറ്റി ടെസ്റ്റിന് വിളിക്കുകയും ചെയ്യും.
200 മാർക്ക് വീതമുള്ള ഒബ്ജക്റ്റീവ് മാതൃകയിലുള്ള രണ്ട് പേപ്പറുകളാണ് പ്രിലിമിനറി പരീക്ഷയിൽ ഉണ്ടായിരിക്കുക. ഓരോ തെറ്റുത്തരത്തിനും നെഗറ്റീവ് മാർക്കും ഉണ്ടായിരിക്കും. 9 പേപ്പറുകൾ ഉള്ള മെയിൻ പരീക്ഷ പരമ്പരാഗത ഉപന്യാസ ശൈലിയിലാണ്. ഈ കടമ്പ കടക്കുന്ന ഉദ്യോഗാർത്ഥിക്ക് അവസാന കടമ്പയായ 275 മാർക്കിന്റെ വ്യക്തിത്വ പരീക്ഷയ്ക്ക് തെരഞ്ഞെടുക്കും.
വ്യക്തിത്വ പരീക്ഷയിൽ വിദഗ്ധർ അടങ്ങിയ പാനലിന്റെ അഭിമുഖം ചോദ്യോത്തരം എന്നതിനപ്പുറം സംവാദാത്മക ചർച്ചയിലൂടെ ഉദ്യോഗാർത്ഥിയുടെ വീക്ഷണം, സമീപനം, വെല്ലുവിളികൾ അതിജീവിക്കാനുള്ള കഴിവ് തുടങ്ങിയവ വിലയിരുത്തപ്പെടും. ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിനായി www.upsconline.nic.in., www.upsc.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുകയോ 011/23385271,23381125,23098543 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക