ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്ത് സ്വർണ്ണവില അരലക്ഷം കടന്നു. 50,400 രൂപയാണ് ഒരു പവൻ സ്വർണത്തിന് നിലവിലുള്ള വില. ഒരു ഗ്രാം സ്വർണത്തിന് 130 രൂപ കൂടി വർധിച്ചതോടെ 6,300 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. 2,236 ഡോളറാണ് രാജ്യാന്തര മാർക്കറ്റിൽ ഒരു ഔൺസ് സ്വർണത്തിന്റെ നിലവിലെ വില.
കേരളത്തിൽ വില വർദ്ധനവിന് കാരണമായത് രാജ്യാന്തര വിപണിയിലെ വില വർധനവാണ്. ഏറ്റവും സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ കൂടുതൽ പേർ സ്വർണത്തിലേക്ക് എത്തിയതാണ് വില ഉയരാൻ കാരണമായതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഏറ്റവും സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ കൂടുതൽ നിക്ഷേപകരെ സ്വർണം ഇനിയും ആകർഷിക്കും എന്നതിനാൽ ഇനിയും സ്വർണ്ണവില വർദ്ധിക്കുമെന്നു തന്നെയാണ് നിഗമനം.
ഈ മാസത്തിന്റെ തുടക്കത്തിൽ 46,320 രൂപയായിരുന്ന സ്വർണ്ണവില മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിൽ അധികം വർദ്ധിച്ചു മാർച്ച് 21ന് 49,440 രൂപയായി ഉയർന്നതോടെ റെക്കോർഡ് വിലവർധന രേഖപ്പെടുത്തിയിരുന്നു. പിന്നീട് വില താഴ്ന്ന് 49,000 രൂപയിൽ എത്തിയിരുന്നുവെങ്കിലും വീണ്ടും ഉയരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ഡോളർ വിനിമയ നിരക്കിൽ ഉണ്ടായ വ്യത്യാസമാണ് രാജ്യാന്തര മാർക്കറ്റിൽ സ്വർണ്ണവില വർദ്ധിക്കാൻ ഇടയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക