നിത്യവും വിളവെടുക്കാവുന്ന ഒരു പച്ചക്കറിയാണ് നിത്യ വഴുതന. ഒരിക്കല്‍ നട്ടുവളർത്തിയാല്‍ ദീർഘകാലം വിളവെടുപ്പ് നടത്താന്‍ കഴിയുന്നതിനാലാണ് ‘നിത്യവഴുതന’ എന്ന പേര് ലഭിച്ചത്. നമ്മുടെ നാട്ടില്‍ വയലറ്റ്, ഇളം പച്ച എന്നീ നിറങ്ങളില്‍ ഇവ കാണപ്പെടുന്നു. തോരൻ, മെഴുക്കുപുരട്ടി എന്നിവയാണ് നിത്യ വഴുതന കായ്കൾ കൊണ്ടുണ്ടാക്കുന്ന പ്രധാന വിഭവങ്ങൾ.
അധികം പരിചരണം ആവശ്യമില്ലാതെ തന്നെ കനം കുറഞ്ഞ വള്ളികളില്‍ പടർന്നു വളരുന്നതരം പച്ചക്കറിയാണിത്. ഇവയുടെ വള്ളികളില്‍ കൂട്ടമായുണ്ടാകുന്ന കായ്കള്‍ നീളൻ ഞെട്ടുപോലെ തോന്നും. ഇവയുടെ തലപ്പത്തുളള കായ് നീക്കി നീളത്തിലുളള ഭാഗമാണ് കറിക്കായി ഉപയോഗിക്കുന്നത്. ഇളം പ്രായത്തിൽ ഈ കായും ഉപയോഗിക്കാം. കായ്കളില്‍ ഫൈബര്‍, വിറ്റാമിൻ സി, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ പോഷകങ്ങളുണ്ട്.
ഏത് കാലാവസ്ഥയിലും ഇത് കൃഷി ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരിക്കല്‍ ഈ ചെടി നട്ടു പിടിപ്പിച്ചാല്‍ കാലങ്ങളോളം കായ്കൾ തരുന്ന ഒന്ന് കൂടിയാണ് നിത്യ വഴുതന. ഈ ചെടിയില്‍ വൈകിട്ട് വിരിയുന്ന പൂവിന് വയലറ്റോ വെള്ളയോ നിറമായിരിക്കും. പൂവ് വിടര്‍ന്ന് നില്ക്കുന്ന കാഴ്ച തന്നെ അതി മനോഹരമാണ്. അത് കൊണ്ട് നിത്യ വഴുതന ഒരു അലങ്കാര ചെടിയായും വളര്‍ത്താവുന്നതാണ്.
എല്ലാ കാലത്തും കൃഷി ചെയ്യാവുന്ന നിത്യവഴുതനയ്ക്ക് കാര്യമായ പരിചരണം ആവശ്യമില്ലെങ്കിലും ജൈവവളങ്ങള്‍ നല്കിയാല് സമൃദ്ധമായി കായ്ക്കും. വേനലിനെ അതിജീവിക്കാന്‍ ഇതിനു കഴിവുണ്ട്. നന്നായി കിളച്ചൊരുക്കിയ തടത്തിൽ വിത്തുകൾ നേരിട്ട് നടുകയാണ് ചെയ്യുന്നത്.
സൂര്യപ്രകാശം ലഭിക്കുന്ന, പന്തലൊരുക്കാന്‍ സൗകര്യമുള്ള സ്ഥലത്ത് ജൈവവളങ്ങള്‍ ചേര്‍ത്ത് തടമൊരുക്കി വിത്തുകള്‍ നടാം. തടമൊരുക്കുമ്പോൾ കുറച്ച് ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും കൂടി അടിവളമായി ചേർത്തു കൊടുക്കാം.
മട്ടുപ്പാവിൽ ഗ്രോ ബാഗിലും വളർത്താൻ കഴിയും. പന്തലിട്ട് കൊടുത്തോ സൈഡിൽ വല കെട്ടിക്കൊടുത്തോ പടർത്തി വിടാം. രണ്ടാഴ്ചയിലൊരിക്കല്‍ ചാണകപ്പൊടി, കമ്പോസ്റ്റ് തുടങ്ങിയവ നൽകിയാല് വിളവു കൂടും. നട്ടുവളർത്തു ന്ന സ്ഥലങ്ങളില്‍ വിത്തുകള്‍ വീണ് എല്ലാ കാലവും ഇവ നിലനിൽക്കുകയും ചെയ്യും.
നിത്യ വഴുതനയില്‍ ധാരാളം നാരുകള്‍, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, തയാമീന്‍, വിറ്റാമിന്‍ സി, സള്‍ഫര്‍, അയണ്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. വലിയ പരിചരണം ഇല്ലാതെ വളരുന്ന ഈ ചെടിയില്‍ നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമായ പല ഘടങ്ങളും ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക