കത്തുന്ന ചൂടാണ് ഇപ്പോൾ അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്. അകത്തും പുറത്തും ഒരേ അവസ്ഥയിലൂടെയാണ് ജനങ്ങൾ കടന്നുപോകുന്നത്. ചൂടിനെ പ്രതിരോധിക്കാൻ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ അടുക്കളയിൽ കയറും മുമ്പും ശ്രദ്ധിക്കണം. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നേരത്തെ മുൻകരുതൽ നിർദേശിച്ചിരുന്നു.
ഉച്ചയോടെ അന്തരീക്ഷത്തിലെ ചൂട് വല്ലാതെ കൂടും..ഈ കത്തുന്ന ചൂടിനൊപ്പം പാകം ചെയ്യുന്നതിന്റെ ചൂടും കൂടിയാകുമ്പോൾ അടുക്കളയിലെ താപനില വർധിപ്പിക്കും. ഇത് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. ഇത് ശരീരത്തിലെ ചൂട് വർധിപ്പിക്കുന്നതിനും അപകട സാധ്യതയും വർധിപ്പിക്കുന്നു.
ഭക്ഷണം പാകം ചെയ്യുമ്പോൾ പുകയും നീരാവിയും കറികളുടെയും മസാലകളുടെയും ഗന്ധവുമെല്ലാം അടുക്കളയിൽ നിറയും.വായു സഞ്ചാരമില്ലെങ്കിൽ ഇവ ശ്വസിക്കുന്നത് പലപ്പോഴും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകുന്നു. കൂടാതെ കണ്ണിനും ചർമത്തിനുമെല്ലാം ദോഷം ചെയ്യും. അതുകൊണ്ട് പാകം ചെയ്യുന്ന ഇടം വായുസഞ്ചാരം ഉറപ്പുവരുത്തണമെന്നും അടുക്കളയിലെ ജനലുകളും വാതിലുകളും തുറന്നിടണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
വേനൽക്കാലത്തെ അമിതമായ ചൂട് കാരണം ശരീരത്തിൽ നിന്ന ധാരാളം വെള്ളം നഷ്ടപ്പെടും. പ്രോട്ടീൻ ദഹിപ്പിക്കാൻ ശരീരത്തിന് അധിക വെള്ളം ആവശ്യമാണ്. ഉയർന്ന അളവിലുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ വെള്ളവും അധികമായി നഷ്ടപ്പെടും. ഇതുമൂലം പലപ്പോഴും നിർജ്ജലീകരണത്തിനും അനുബന്ധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. അതുകൊണ്ട് ആരോഗ്യവും നിലനിർത്താൻ ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക