കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രാജ്യത്തെ ഇന്‍ഷുറന്‍സ് ക്ലെയിമുകളില്‍ വൃക്ക രോഗവുമായി ബന്ധപ്പെട്ട് യുവാക്കളുടെ ക്ലെയിമുകള്‍ 26 ശതമാനം വര്‍ധിച്ചതായി കണക്കുകള്‍. രാജ്യത്തെ മെട്രോ നഗരങ്ങളിലെ യുവാക്കള്‍ക്കിടയിലാണു വൃക്ക രോഗം വ്യാപിക്കുന്നത്. 18 മുതല്‍ 35 വരെ പ്രായമുള്ളവരുടെ ക്ലെയിമുകളിലാണു വര്‍ധന.
വേണം മുന്‍കരുതല്‍
രക്തത്തിലെ മാലിന്യം നീക്കി ശുദ്ധീകരിക്കുന്നതാണു വൃക്കകളുടെ പ്രധാന ജോലി. ശരീരത്തിലെ രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിലും വൃക്കകള്‍ക്കു പങ്കുണ്ട്. മിക്ക വൃക്ക രോഗങ്ങളും തുടക്കത്തില്‍ കണ്ടെത്തിയാല്‍ ചികില്‍സിച്ചു മാറ്റാന്‍ കഴിയുന്നതാണ്. എന്നാല്‍ യുവാക്കള്‍ ഇതിനെ അവഗണിക്കുകയാണു പതിവ്. രക്തസമ്മര്‍ദവും പ്രമേഹവും മൂലമുള്ള വൃക്ക രോഗങ്ങളാണു യുവാക്കളില്‍ കൂടുതല്‍.
കാരണങ്ങൾ
യുവാക്കളില്‍ വൃക്ക രോഗം വരാന്‍ ആരോഗ്യകരമല്ലാത്ത ഭക്ഷണം, പുകവലി, മദ്യപാനം, അനാവശ്യമായി മരുന്നുകള്‍ കഴിക്കുക എന്നിവയാണു കാരണം. മലയാളി യുവാക്കള്‍ രക്തസമ്മര്‍ദം കൂടിയാല്‍ അതു കാര്യമാക്കാറില്ല. അമിത രക്തസമ്മര്‍ദം വൃക്ക രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നാണ്. രക്തസമ്മര്‍ദം കൂടിയാല്‍ കൃത്യമായി കാരണം കണ്ടെത്തുകയും ചികില്സിക്കുകയും വേണം. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയമാകുന്നവരില്‍ കൂടുതലും 20നും 30നും ഇടയിലുള്ളവരും 30നും 40 വയസ്സിനും ഇടയിലുള്ളവരുമാണ്.
മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ മദ്യപാനം ശീലമാക്കുന്നവരും ടെന്‍ഷന്‍ പുകച്ചു തീര്‍ക്കുന്നവരും രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണ്. ഒന്നിനും സമയമില്ലാത്ത ജീവിതം നയിക്കുന്നവര്‍ക്കു പ്രമേഹവും രക്തസമ്മര്‍ദവും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.ഫാസ്റ്റ് ഫുഡ് കഴിക്കുന്നതോടെ അമിത വണ്ണം ഉണ്ടാകുന്നു. ഇതേത്തുടര്‍ന്നുണ്ടാകുന്ന പ്രമേഹവും രക്തസമ്മര്ദവുമാണു വൃക്ക രോഗങ്ങളിലേക്കു നയിക്കുന്ന പ്രധാന രണ്ടു കാരണങ്ങള്‍. പ്രമേഹം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന അവയവങ്ങളിലൊന്നാണു വൃക്കകള്‍. തെറ്റായ ജീവിത ശൈലി മൂലമുണ്ടാകുന്ന മെറ്റബോളിക് സിന്‍ഡ്രോം എന്ന അവസ്ഥയില്നിന്നാണു വൃക്ക രോഗങ്ങളുമുണ്ടാകുന്നത്. ഒരേ ഇരിപ്പുളള ജോലി, വ്യായാമം ഇല്ലായ്മ, ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുക, കാര്‍ബണേറ്റഡ് പാനീയങ്ങളുടെ അമിത ഉപയോഗം, ഫാസ്റ്റ് ഫുഡ് എന്നിവയാണു വൃക്ക രോഗങ്ങളിലേക്കു നയിക്കുന്നത്.
ചെറിയ തലവേദന മുതല്‍ വലിയ രോഗങ്ങള്‍ക്കു വരെ സ്വയം ചികില്‍സ നടത്തുന്നുവരുണ്ട്. വേദന സംഹാരികളാണു വൃക്കകളെ ബാധിക്കുന്നത്. ചെറിയ വേദനകള്‍ക്കു പോലും വേദന സംഹാരികള്‍ കഴിക്കുന്നവരായി മലയാളികള്‍ മാറിയിട്ടുണ്ട്. ഫൂഡ് സപ്ലിമെന്റുകളില്‍ ചിലതു വൃക്കകള്‍ക്കു ദോഷകരമാണ്. ലോഹങ്ങളുടെ അംശമുള്ള മരുന്നുകളും വൃക്കകളെ ബാധിക്കുന്നു.
വൃക്ക രോഗങ്ങളുടെ ലക്ഷണങ്ങള്‍
1.മൂത്രത്തില്‍ പത
2.വേദനയില്ലാതെ മൂത്രത്തിലൂടെ രക്തം പോവുക
3.രാത്രിയില്‍ കൂടുതല്‍ തവണ മൂത്രമൊഴിക്കുക
4.രക്തക്കുറവു കാരണമുള്ള ക്ഷീണം
5.വിശപ്പില്ലായ്മ, കൈകാലുകളില്‍ കോച്ചിപ്പിടിത്തം
6.ബിപി കൂടുക
പ്രതിരോധിക്കാം
1.ധാരാളം വെള്ളം കുടിക്കുക
2.ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക
3.ബേക്കറി ഐറ്റങ്ങള്‍ കഴിക്കാതിരിക്കുക
4.മധുരം കുറയ്ക്കുക, എണ്ണപ്പലഹാരങ്ങള്‍ ഒഴിവാക്കുക
5.ചിട്ടയായ വ്യായാമം ശീലിക്കുക
6.മിതമായ ഭക്ഷണം കഴിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക