തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിന് പ്ലാസ്റ്റിക്ക് നിര്‍മിത ദേശീയ പതാകകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഹരിതനയം പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്ലാസ്റ്റിക് പതാകക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. വ്യാപാരസ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് പതാക വില്‍ക്കരുതെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുമെന്നത് വകുപ്പുമേധാവികള്‍ ഉറപ്പാക്കണമെന്നും പൊതുഭരണവകുപ്പ് ഉത്തരവിറക്കി. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ മുഴുവന്‍ ജീവനക്കാരും ആഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു.
തലസ്ഥാനത്ത് വെച്ച് നടക്കുന്ന റിപ്പബ്ളിക് ദിന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം രാവിലെ 8.30-ന് ദേശീയപതാക ഉയര്‍ത്തും. മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കും. തുടര്‍ന്ന് വിവിധ സേനാവിഭാഗങ്ങള്‍ അണിനിരക്കുന്ന പരേഡ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക