തിരുവനന്തപുരം: അമ്പൂരിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് തിരയുന്ന സൈനികന് അഖില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് പോലീസ്. സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാനായി ഉന്നതാധികാരികളുടെ അടുത്ത് ഇയാള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പോലീസിന് ലഭിച്ചവിവരം. അതുകൊണ്ട് തന്നെ ലഡാക്കിലെ സൈനിക കേന്ദ്രത്തില്‍ നിന്നെന്ന മട്ടില്‍ അഖില്‍ ഫോണില്‍ സംസാരിച്ചത് പോലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല.
രാഖിയെ കൊന്നിട്ടില്ലെന്നും താന്‍ ഒളിവിലല്ലെന്നും ലഡാക്കിലെ സൈനിക കേന്ദ്രത്തിലുണ്ടെന്നുമായിരുന്നു ഫോണില്‍ ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകനോട് അഖില്‍ നല്കിയ വിശദീകരണം. അവധി ലഭിച്ചിട്ടുണ്ടെന്നും നാട്ടിലെത്തിയാലുടൻ പോലീസിന് മുന്നില്‍ ഹാജരാകുമെന്നും അഖില്‍ പറഞ്ഞു.
‘രാഖിയെ ജൂണ്‍ 21നു കണ്ടിരുന്നു. രാഖി ആവശ്യപ്പെട്ട പ്രകാരം കാറില്‍ കയറ്റി ധനുവച്ചപുരത്തു വിട്ടു. എനിക്ക് 25 വയസ്സും വാൾക്ക് എന്നേക്കാൾ 5 വയസ്സ് കൂടുതലും ഉണ്ട്. ഈ സാഹചര്യത്തിൽ അവള് പിന്മാറാതെ എന്റെ പുറകേ നടക്കുകയായിരുന്നു. ഞാന്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിച്ചു. എനിക്ക് കൊല്ലണമെന്നുണ്ടായിരുന്നെങ്കില്‍ ഇതിനു മുന്‍പേ കഴിയുമായിരുന്നു. അവളെ കൊന്നിട്ട് പ്രതിയായി ജോലിയും നഷ്ടപ്പെട്ട് ജയിലില്‍ കിടക്കേണ്ട ആവശ്യം എനിക്കില്ല. ഞാന്‍ 27ന് വൈകിട്ട് 7ന് രാജധാനി എക്സ്പ്രസില്‍ യാത്രതിരിച്ചു ഡല്‍ഹിയിലെത്തി 29നു യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു.’ ഇങ്ങനെ പോകുന്നു അഖിലിന്റെ വാക്കുകള്‍.
അതേസമയം അന്വേഷണം വഴി തെറ്റിക്കാന്‍ നല്കിയ മൊബൈല്‍ ഫോണ്‍ സന്ദേശമാണ് രാഖിയുടെ കൊലപാതകത്തിന്റെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായതെന്ന് പോലീസ് പറയുന്നു. രാഖിയുടെ സിം ഫോണിൽ ഉപയോഗിച്ചാണ് തുടരെ സന്ദേശങ്ങളയച്ചത്. അഖിലുമായി വഴി പിരിയുകയാണെന്നും താന്‍ മറ്റൊരു സുഹൃത്തുമായി ചെന്നൈയ്ക്ക് പോകുന്നുവെന്നുമായിരുന്നു സന്ദേശം.
അന്വേഷണ ഭാഗമായി തങ്ങളെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നു ചൂണ്ടി കാട്ടി അഖിലിന്റെ ബന്ധുക്കള്‍ പോലീസിന് നല്കിയ പരാതിക്കൊപ്പം ഈ സന്ദേശത്തിന്റെ പ്രിന്റൗട്ട് ആണ് നല്‍കിയത്. സന്ദേശം ഫോര്‍വേഡു ചെയ്തു തരാന്‍ പോലീസ് ആവശ്യപ്പെട്ടു. അപ്പോഴാണ് സിം കാര്‍ഡ് യുവതിയുടേതാണെങ്കിലും അയച്ച ഫോണ്‍ മറ്റൊന്നാണെന്നു തിരിച്ചറിഞ്ഞത്.
സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ വില്‍ക്കുന്ന കടയില്‍ നിന്ന് ഈ ഫോണ്‍ വാങ്ങിയത് പിടിയിലുള്ള ആദര്‍ശ് തന്നെയാണെന്ന് പോലീസ് ഉറപ്പാക്കി. വിലരടയാളം ഉപയോഗിച്ചു ഓണാക്കുന്നതായിരുന്നു യുവതിയുടെ ഫോണ്‍. ശരീരം മറവു ചെയ്തതോടെ ഈ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയാതായതിനെ തുടർന്നാണ് മറ്റൊരു ഫോണ്‍ വാങ്ങേണ്ടി വന്നത്.
പുത്തന്‍കട സ്വദേശിനി രാഖിയെ കാറില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു വെന്ന് പോലീസ് പറയുന്നത്. മൃതദേഹം മറവു ചെയ്യാനുള്ള കുഴി നേരത്തെ തയാറാക്കിയിരുന്നു. ഷാളോ!, കയറോ പോലുള്ള വസ്തുവാണു കഴുത്ത് മുറുക്കാൻ ഉപയോഗിച്ചതെന്നാണു പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറില്‍ നിന്നുള്ള സൂചനയെന്നുംപോലീസ് പറഞ്ഞു. പ്രതിയെന്ന് പോലീസ് സംശയിക്കുന്നത് അഖിലിനെയും സഹോദരന് രാഹുലിനെയുമാണ്. കുറെക്കാലമായി അഖില്‍ രാഖിയുമായി അടുപ്പത്തിലായിരുന്നു. അടുത്തിടെ അഖിലിന് മറ്റൊരു വിവാഹം നിശ്ചയിച്ചു. ഇതറിഞ്ഞ് രാഖി പെണ്‍കുട്ടിയെ കണ്ടു വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമായതെന്ന് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക