കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ ഒറ്റപ്പെട്ട താന്തോന്നിത്തുരുത്തിലും ഭക്ഷണ കിറ്റുകൾ നേരിട്ട് എത്തിച്ച് എറണാകുളം ജില്ലാ കളക്ടർ. കൊച്ചി നഗരത്തിൽ നിന്നും വിളിപ്പാടകലെ, എന്നാൽ ഒറ്റപ്പെട്ട് ഒരു തുരുത്ത്. വഞ്ചിയിലല്ലാതെ താന്തോന്നിത്തുരുത്തിൽ എത്താൻ മറ്റൊരു മാർഗമില്ല.
പാവപ്പെട്ട 65 കുടുംബങ്ങളാണ് ഈ തുരുത്തിലുള്ളത്. താന്തോന്നിത്തുരുത്തിലെ സ്ഥിര വരുമാനക്കാരല്ലാത്ത ഈ കുടുംബങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി അറിയാനും ജില്ലാ ഭരണകൂടത്തിന്റെ ചെറിയൊരു പിന്തുണ നൽകാനുമാണ് ഇന്നു രാവിലെ ജില്ലാ കളക്ടർ താന്തോന്നിത്തുരുത്തിലെത്തിയത്.
ഈ ലോക് ഡൗൺ കാലത്ത് തുരുത്തിലുള്ളവർക്ക് ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള കിറ്റുകൾ വിതരണം ചെയ്തു. അരിയും പലവ്യഞ്ജനവും അടക്കം 17 ആവശ്യവസ്തുക്കൾ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത് .
“പ്രയാസകരമാണ് ഈ ലോക് ഡൗൺ ദിവസങ്ങൾ… പക്ഷെ സുരക്ഷിതമായൊരു ഭാവിക്കായി ഈ ദിവസങ്ങൾ നമ്മൾ താണ്ടിയേ മതിയാകൂ … നിയന്ത്രണങ്ങൾ പാലിച്ച് “എന്നും കളക്ടർ ഫേസ്ബുക് പേജിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക