രാജ്യത്ത് ലോക്ക് ഡൗണ്‍ നാലാംഘട്ടത്തില്‍ എത്തുമ്പോഴും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 5,611 പേര്‍ക്കാണ് വിവിധ സംസ്ഥാനങ്ങളിലായി രോഗം സ്ഥിരീകരിച്ചത്. 140 പേര് മരിക്കുകയും ചെയ്തു. രാജ്യത്ത് ഒരു ദിവസത്തെ രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്നതാണ് തിങ്കളാഴ്ച സ്ഥിരീകരിച്ച കണക്കുകള്‍. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1.06 ലക്ഷമായി ഉയര്‍ന്നു. ഇതുവരെ 3,303 പേര് കൊവിഡിനെ തുടര്‍ന്ന് മരിച്ചെന്നും ആരോഗ്യമന്ത്രാലത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളിലാണ് രാജ്യത്തെ കൊവിഡ് ബാധിതരില്‍ ഏറെയുമുളളത്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 2,033 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 51 പേര് മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 1,249 ആയി, രോഗികളുടെ എണ്ണം 35,058 ആയി ഉയര്‍ന്നു. തമിഴ്നാട്ടില്‍ 11,760 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
നിലവില്‍ 7,270 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 81 പേരാണ് ഇവിടെ ഇതുവരെ മരിച്ചത്. ഗുജറാത്തില്‍ ആകെ രോഗികളുടെ എണ്ണം 11,746 ആയി ഉയര്‍ന്നു. മരണം 694. ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 10,054 ആയി. 168 പേരാണ് ഇതുവരെ മരിച്ചത്. കേരളത്തില്‍ ഇന്നലെ 12 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാം പുറത്ത് നിന്ന് വന്നവരാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ ലോകത്ത് കൊവിഡ് ബാധിച്ച് 4,570 പേരാണ് മരിച്ചത്. ഇതോടെ 212 രാജ്യങ്ങളിലായി പടര്‍ന്നുപിടിച്ച മഹാമാരിയില്‍ 3.24 ലക്ഷം ജനങ്ങള്‍ക്കാണ് ജീവന് നഷ്ടമായത്. ഇന്നലെ മാത്രം 94,751 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 49.82 ലക്ഷമായി. 19.56 ലക്ഷം ആളുകള്‍ക്ക് ഇതുവരെ അസുഖം ഭേദമായി. നിലവില്‍ 27.01 ലക്ഷം പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 45,443 പേരുടെ നില അതീവ ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക