കണ്ണൂർ : പഴയങ്ങാടി രാമപുരത്ത് റോഡരികിൽ കൊണ്ടിട്ട മാലിന്യങ്ങൾ ടി.വി.രാജേഷ് എം.എൽ.എ.യുടെ നേതൃത്വത്തിൽ തിരിച്ചെടുപ്പിച്ചു. മാലിന്യം തളളിയ കോഴിക്കോട് കോർപറേഷൻ പരിധിയിലെ ഇക്വാ ഗാർഡ് ഏജൻസിയാണ് ഇന്നലെ വൈകിട്ടോടെ തൊഴിലാളികളുമായെത്തി മാലിന്യം തിരികെ എടുത്തത്.
കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ കോവൂർ ഐശ്വര്യ റസിഡന്റ്സ് അസോസിയേഷൻ മേഖലയിലെ മാലിന്യങ്ങളാണ് കഴിഞ്ഞദിവസം രാത്രിയിൽ രാമപുരത്തെ റോഡരികിൽ കൊണ്ടിട്ടത്. പഴയ തുണികൾ, വീട്ടുമാലിന്യങ്ങൾ, പ്ലാസ്റ്റിക്കുൾപ്പെടെയുള്ള മാലിന്യങ്ങളാണ് ചാക്കുകളിലാക്കി ലോറിയിൽ കൊണ്ടുവന്ന് ഇവിടെ തള്ളിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ടി.വി.രാജേഷ് എം.എൽ.എ. സ്ഥലത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ ചാക്ക് പരിശോധിച്ചതിൽനിന്ന് കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽപ്പെട്ട കോവൂർ ഐശ്വര്യ റസിഡന്റ്സ് അസോസിയേഷൻ മേഖലയിൽനിന്നുള്ള മാലിന്യങ്ങളാണ് ഇവിടെ തള്ളിയതെന്ന് മനസ്സിലായി.
ഇതേതുടർന്ന് എം.എൽ.എ. കോഴിക്കോട് കോർപ്പറേഷൻ മേയർ, സെക്രട്ടറി, പരിയാരം പോലീസ് എന്നിവർക്ക് പരാതി നൽകുകയും മാലിന്യം സംഭരിക്കാൻ നിയോഗിച്ച ഏജൻസി ഏതാണെന്ന് കണ്ടെത്തുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ മാലിന്യം നീക്കാൻ കരാറേറ്റെടുത്ത ഇക്കോ ഗാർഡ് എന്ന ഏജൻസി രാമപുരത്തെത്തി മാലിന്യം തിരിച്ചു ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയും ചെയ്തു.
എം.എൽ.എ.യെക്കൂടാതെ ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഭാവതിയും, പരിയാരം പോലീസും മാലിന്യം തിരിച്ചെടുപ്പിക്കാൻ നേതൃത്വം നൽകി. പൊതുസ്ഥലങ്ങളിലും, റോഡരികുകളിലും മാലിന്യം തളളുന്നവർക്ക് ഇതൊരു മുന്നറിയിപ്പാണെന്ന് എംഎൽഎ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക