സ്കിൻ ടോണറായാണ് റോസ് വാട്ടർ പ്രവർത്തിക്കുന്നത്. അത് കൊണ്ട് തന്നെ വില കൂടിയ സ്കിൻ ടോണറുകൾക്ക് പകരമായി റോസ് വാട്ടർ ഉപയോഗിക്കാവുന്നതാണ്. മുഖത്ത് അടിഞ്ഞു കൂടിയ അഴുക്കും എണ്ണയും എല്ലാം നീക്കി സൗന്ദര്യം നിലനിർത്താനും മുഖത്തെ പിഎച്ച് ലെവൽ നിയന്ത്രിച്ച് നിർത്താനും ഇത് ഏറെ സഹായകമാണ്.
റോസ്വാട്ടർ വീട്ടിൽ തയ്യാറാക്കാം
ജൈവ രീതിയിൽ കൃഷി ചെയ്തതോ വീട്ടിൽ വളർത്തുന്നതോ ആയ 3 റോസാപ്പൂക്കൾ എടുക്കുക. ഇതിന്റെ ഇതളുകൾ വേർപ്പെടുത്തിയെടുത്ത് നന്നായി കഴുകിയെടുക്കുക. ഇതളുകൾ ഒരു സ്റ്റീൽ പാത്രത്തിലിട്ട് ഇതളുകൾക്ക് ആനുപാതികമായ അളവിൽ വെള്ളം ഒഴിച്ചു കൊടുക്കുക. ഇത് 10 മിനിറ്റ് നന്നായി ചൂടാക്കുക.
തിളച്ചു കഴിയുമ്പോൾ റോസ് നിറത്തിലുള്ള ദ്രാവകം ലഭിക്കും. ഇത് ചൂടാറാൻ അനുവദിക്കുക. ഇതളുകൾ മാറ്റിയശേഷം ദ്രാവകം ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റാം. ബാക്കിയുള്ളത് മറ്റൊരു പ്ലാസ്റ്റിക് ബോട്ടിലിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.
മുഖത്തിന് മാത്രമല്ല കണ്ണുകൾക്കും റോസ് വാട്ടർ വളരെ അധികം ഉപകാരപ്രദമാണ്. റോസ് വാട്ടർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചെടുക്കുക. തണുപ്പിച്ചെടുത്ത റോസ് വാട്ടർ പഞ്ഞിയിലാക്കി കണ്ണിന് മുകളിൽ വെക്കുക. അൽപനേരം കഴിഞ്ഞ് എടുത്ത് മാറ്റുക. ഇത് കണ്ണിൻ കുളിർമ്മയും മിഴിവും നൽകും.
മുഖക്കുരു ഇല്ലാതാക്കാൻ ഏറ്റവും നല്ലൊരു പരിഹാര മാർഗമാണ് റോസ് വാട്ടർ. റോസ് വാട്ടറിലെ ആന്റി ബാക്ടീരിയൽ ഘടകങ്ങളാണ് മുഖക്കുരുവിനെ ഇല്ലാതാക്കുന്നത്.
ചെയ്യേണ്ട വിധം; അൽപം നാരങ്ങനീരിൽ റോസ് വാട്ടർ ചേർത്ത് മുഖക്കുരുവുള്ള സ്ഥലത്ത് പുരട്ടുക. ഇരുപത് മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ ഇത് കഴുകിക്കളയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക