Home EDUCATION നിവർന്ന് കസേരയിലിരുന്നു തല ഉയർത്തി വച്ച് വെളിച്ചമുള്ള മുറിയിലിരുന്ന് മാത്രം പഠനത്തിൽ അവർ ശ്രദ്ധിക്കുന്നുണ്ട് എന്ന്...

നിവർന്ന് കസേരയിലിരുന്നു തല ഉയർത്തി വച്ച് വെളിച്ചമുള്ള മുറിയിലിരുന്ന് മാത്രം പഠനത്തിൽ അവർ ശ്രദ്ധിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക; ഓൺലൈൻ പഠനവും കുട്ടികളും

കോവിഡ് കാലത്ത് വീടിന് പുറത്തിറങ്ങാനാകാതെ മൊബൈലിന്റെ കിളിവാതിലിലൂടെ മാത്രം ലോകം കാണുന്ന മിക്കകുട്ടികൾക്കും പലതരം ശാരീരിക മാനസിക പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. കോവിഡ് കാലത്ത് കുട്ടികൾക്കുണ്ടാകുന്ന ഓൺലൈൻ ഗെയിം അഡിക്ഷനെ കുറിച്ച് ഇന്ന് മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. എന്നാൽ പുറത്തിറങ്ങാത്ത സാമൂഹ്യ ജീവിയായി മാറാനാകാതെ തളച്ചിടപ്പെടുന്ന കുട്ടികളുടെ ശാരീരിക പ്രശ്നങ്ങൾ അധികം ചർച്ച ചെയ്തു കാണുന്നില്ല.

ദിവസത്തിൽ ഒന്നോ രണ്ടോ മണിക്കൂർ പഠനവും ബാക്കി സമയം കൂട്ടുകാരോടൊപ്പം ആർത്തുല്ലസിച്ചു നടക്കുകയും ഓടിക്കളിക്കുകയും ചെയ്തിരുന്ന കുട്ടികളെ ഇന്ന് വീടിനുള്ളിൽ തളച്ചിടുമ്പോൾ വ്യായാമമില്ലായ്മയുടെ ബുദ്ധിമുട്ടുകളാണ് അവരിൽ ആദ്യം കണ്ടുതുടങ്ങുന്നത്. എപ്പോഴും കൂനികൂടി ഇരിക്കുകയും സോഫയിൽ കിടന്നു ടിവി കാണുകയും കുനിഞ്ഞിരുന്നു തുടർച്ചയായി ഓൺലൈൻ ക്ലാസ്സുകളും മൊബൈൽ ഗെയിമുകളും തുടരുമ്പോൾ ഇത് അവരിൽ മസിൽ പിരിമുറുക്കം ഉണ്ടാക്കുകയും കഴുത്ത് വേദന, കൈകാൽ കഴപ്പ്, പുറം വേദന, തുടർച്ചയായി വരുന്ന തലവേദന, മൈഗ്രൈൻ പോലുള്ള ലക്ഷണങ്ങൾ എന്നിവ കണ്ടുവരാം. കുട്ടിക്കാലത്തുള്ള ശാരീരിക വ്യായാമങ്ങളിലൂടെ വികസിക്കേണ്ട മസിലുകൾക്ക് ഉറപ്പ് ലഭിക്കാനാകാത്ത അവർക്ക് വളരുമ്പോൾ നടുവേദന, കൈകാൽ വേദന, എന്നീ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം.

മസിലുകൾ വികസിക്കുന്നതിന് പകരം വ്യായാമമില്ലാതെ അടച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് കൂടാനും അമിതവണ്ണത്തിനു കാരണമാകാം. ഇത് കുട്ടികളിൽ ഉണ്ടാക്കുന്ന ഉദര പ്രശ്നങ്ങൾ, മലബന്ധം, പൈൽസ്, ഫിഷർ രോഗങ്ങൾ ഇവയ്ക്കും വഴി വയ്ക്കാം.കാറ്റും വെയിലും കൊള്ളാതെ വ്യായാമമില്ലാതെയുള്ള ജീവിതം കുട്ടികളിൽ അലർജി രോഗത്തിന് കാരണമാകാം. മാത്രമല്ല ശരീരത്തിൽ വളർച്ചയുടെ സമയത്ത് കൃത്യമായി ലഭിക്കേണ്ട വൈറ്റാമിൻ ഡി, കാൽസ്യം, സെലീനിയം, പോലുള്ള വൈറ്റമിൻ- മിനറലുകളുടെ അഭാവവും ഉണ്ടാകുന്നുണ്ട്. ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ ശേഷം പഠനത്തിൽ പുറകോട്ട് പോയ 600 കുട്ടികളെ പരിശോധിച്ചപ്പോൾ അവരിൽ 80 ശതമാനത്തിനും വൈറ്റമിന് ഡി യുടെ കുറവ് കണ്ടെത്തി.വളരുന്ന പ്രായത്തിൽ കുട്ടികളുടെ എല്ലുകളുടെയും പല്ലുകളുടെയും ഉറപ്പിന് മാത്രമല്ല, പ്രതിരോധ ശക്തിയ്ക്കും ചർമ്മത്തിന്റെയും മുടിയിഴകളുടെയും ആരോഗ്യത്തിനും അലർജി രോഗങ്ങളെ ചെറുക്കുന്നതിന് പോലും വൈറ്റമിൻ ഡി ആവശ്യമാണ്. ആവശ്യത്തിന് വെയിലേൽക്കാതെ വീടിനകത്ത് തുടരുന്നതാണ് കുട്ടികളിൽ ഇത്തരം പ്രശ്നങ്ങൾക്ക് കാരണം എന്ന് നിസ്സംശയം പറയാം.കോവിഡ് കാലം കഴിഞ്ഞും കുട്ടികൾക്ക് ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ചില കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിച്ചേ തീരൂ. ഓൺലൈൻ ക്‌ളാസ്സിന്റെ സമയത്ത് മാത്രം അവർക്ക് മൊബൈലും കമ്പ്യൂട്ടറും നൽകുക. നിവർന്ന് കസേരയിലിരുന്നു തല ഉയർത്തി വച്ച് വെളിച്ചമുള്ള മുറിയിലിരുന്ന് മാത്രം പഠനത്തിൽ അവർ ശ്രദ്ധിക്കുന്നുണ്ട് എന്ന് നിങ്ങൾ ഉറപ്പ് വരുത്തുക. ദിവസത്തിൽ ഒരുമണിക്കൂറിൽ കൂടുതൽ മൊബൈൽ ഗെയിമുകൾ ഉപയോഗിക്കാൻ അനുവദിക്കരുത്. രാത്രി ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുന്നേ കുട്ടികളുടെ മൊബൈൽ കമ്പ്യൂട്ടർ ഉപയോഗം നിറുത്തിക്കണം. അവർ കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നുണ്ട് എന്ന് ഉറപ്പാക്കുക. ദിവസത്തിൽ ഒരു മണിക്കൂർ എങ്കിലും കുട്ടികൾ മുറ്റത്തോ തൊടിയിലോ കളികൾക്കും വ്യായാമത്തിനും സമയം ചിലവഴിക്കുക തന്നെ വേണം.

Also Read :   ബാങ്ക് കവലയിൽ ഫോൺ ചെയ്ത് നിൽക്കുന്നതിനിടെ പൊലീസ് മർദ്ദിച്ചു, പരാതിയുമായി പ്രതിപക്ഷ നേതാവിന്‍റെ സ്റ്റാഫ് അംഗം

വീട്ടിലെ ചെറിയ ഉത്തരവാദിത്തമുള്ള ജോലികൾ ചെടികൾ നനയ്ക്കുക, വാഹനം കഴുകുക, വളർത്തു മൃഗങ്ങൾക്ക് തീറ്റ നൽകുക പോലുള്ളവ അവരെ ഏൽപ്പിക്കുക. കറികൾക്ക് നുറുക്കാനും ചെറിയ ചെറിയ പാചകങ്ങളും അവരെ പഠിപ്പിക്കുക. വാഷിങ് മെഷീന് പകരം അവരുടെ വസ്ത്രങ്ങൾ കഴുകാൻ ശീലിപ്പിക്കുക. കുട്ടികളോടൊപ്പം നിങ്ങളും ഇളം വെയിലിൽ വ്യായാമത്തിൽ പങ്കാളികളാവുക. അനാവശ്യമായ ജങ് ഫുഡുകൾ വാങ്ങി നൽകാതെ അവർക്ക് വീടുകളിൽ തന്നെ ഭക്ഷണം ഉണ്ടാക്കി നൽകുക. അവരുടെ ശരീരത്തിന് ആവശ്യമായ പഴങ്ങളും പച്ചക്കറികളും ഇലവർഗ്ഗവും അവർക്ക് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക. ഈ രീതിയിൽ നാം വേണ്ട കരുതലെടുത്താൽ ഈ കോവിഡ് കാലത്തും കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം നിലനിറുത്താൻ സാധിക്കും.