നിരവധി വേഷങ്ങളിലൂടെ മലയാളികൾക്ക് ചിരപരിചിതയായ നടിയാണ് സീനത്ത്. മമ്മൂട്ടി നായകനായ റോഷോക്ക് ആണ് സീനത്ത് ഒടുവിൽ അഭിനയിച്ച ചിത്രം. ചിത്രത്തെ പറ്റിയും മമ്മൂട്ടിയെ ആദ്യമായി പരിചയപ്പെട്ടതിനെ കുറിച്ചും സംസാരിക്കുകയാണ് താരം.
“റോഷക് മമ്മൂട്ടി നിർമ്മിച്ച ചിത്രമാണെന്ന് അഭിനയിക്കുന്നത് വരെ അറിയില്ലായിരുന്നു. ചിത്രത്തിന്റെ സംവിധായകൻ നേരിട്ട് വിളിച്ചാണ് എന്നോട് കഥ പറയുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തി ബാങ്കിൽ പണം വന്നപ്പോഴാണ് മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നതെന്ന് മനസ്സിലാകുന്നത്.
ഒരു സിനിമയുടെ നിർമ്മാതാവ് ആരാണെന്ന് പൊതുവേ ചോദിക്കാറില്ല. അതിൽ എനിക്കുള്ള കഥാപാത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മാത്രമേ അന്വേഷിക്കാറുള്ളൂ.
എനിക്ക് ഇണങ്ങുന്ന തരത്തിലുള്ള റോളുകൾ ഇപ്പോഴത്തെ ചിത്രങ്ങളിൽ കുറവാണ്. സിനിമയുടെ കഥയിലും ലൊക്കേഷനിലും ഒക്കെ വലിയ മാറ്റമാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. ഇന്ന് അഭിനേതാക്കൾക്കിടയിൽ ഊഷ്മളമായ സൗഹൃദമില്ല. എല്ലാവരും കാരവാനിലേക്ക് ചുരുങ്ങി.
മഹാനഗരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് മമ്മൂട്ടിയെ ആദ്യമായി കാണുന്നത്. എന്നാൽ തിരക്ക് കാരണം അദ്ദേഹത്തോട് സംസാരിക്കാൻ പറ്റിയില്ല. പൊതുവേ ആരു വന്നാലും മമ്മൂട്ടിയെ അങ്ങോട്ട് ചെന്ന് പരിചയപ്പെടാറുണ്ട്. എന്നാൽ ഞാൻ m അങ്ങനെ പോയി പരിചയപ്പെട്ടില്ല. മമ്മൂട്ടിയുടെ അടുത്ത് പോകാൻ വല്ലാത്ത മടിയുണ്ടായിരുന്നു. എന്നാൽ മമ്മൂട്ടി ഇങ്ങോട്ട് വന്ന്, ‘ഞാന്‍ മമ്മൂട്ടി’ എന്നു എന്ന് പറഞ്ഞു പരിചയപ്പെട്ടു. അത് ശരിക്കും വല്ലാത്ത ഞെട്ടല്‍ ഉണ്ടാക്കി. മമ്മൂട്ടിയോട് അന്നും ഇന്നും അതേ ബഹുമാനമാണ് തനിക് ഉള്ളത്.” സീനത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക