ഡല്‍ഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ നടത്തുന്ന ഗുസ്തി താരങ്ങളുടെ സമരം ശക്തിപ്രാപിക്കുന്നു. ഇന്ത്യാ ഗേറ്റിൽ മെഴുകുതിരി കത്തിച്ചാണ് താരങ്ങൾ ഇന്ന് പ്രതിഷേധിച്ചത്. നിരവധി പേരാണ് താരങ്ങൾക്ക് പിന്തുണയുമായി ഇന്ത്യാഗേറ്റിൽ അണിചേർന്നത്.
കർഷകരും സാധാരണക്കാരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് ഗുസ്തി താരങ്ങൾക്കൊപ്പം പ്രതിഷേധത്തിനായി എത്തിയത്. കായിക താരങ്ങളുടെ മാർച്ചിന് ഡൽഹി പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഡൽഹി ജന്ദര്‍ മന്തറില്‍ നിന്ന് പദയാത്രയായി എത്തിയ താരങ്ങളും പ്രതിഷേധക്കാരും ഇന്ത്യാ ഗേറ്റിൽ എത്തി മെഴുകുതിരി കത്തിക്കുകയായിരുന്നു.
28ന് രാവിലെ 11 മണിക്ക്, പുതിയ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ വനിതാ മഹാ പഞ്ചായത്ത് ചേരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നാണ് താരങ്ങൾ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക