ആരോഗ്യമുള്ള കരുത്തുറ്റ തലമുടി എല്ലാവരുടെയും ആഗ്രഹമാണ്. അതിനായി പല തരത്തിലുള്ള പരീക്ഷണങ്ങൾ ചെയ്യുന്നവരും കുറവല്ല. ചില എണ്ണകളും ലേപനങ്ങളുമെല്ലാം മുടിയുടെ വളർച്ചയെ സഹായിക്കുമെങ്കിലും ആരോഗ്യപ്രദമായ ഭക്ഷണം മുടിയുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ ബി മുടിയുടെ ആരോഗ്യകരമായ വളർച്ചയെ സ്വാധീനിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
സാധാരണയായി എട്ട് തരം ബി വിറ്റാമിനുകളാണ് ഉള്ളത്. അതിൽ ബയോട്ടിൻ (ബി7), ഫോളേറ്റ് (ബി9), വിറ്റാമിൻ ബി 12 എന്നിവയാണ് മുടിയുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ടത്. ഇവ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി മുടിയുടെ ആരോഗ്യപ്രശ്നങ്ങൾ തടയാൻ സഹായകമാവും.
കാത്സ്യവും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുള്ളവയാണ് പാലുത്പന്നങ്ങൾ. കൂടാതെ തൈര്, ചീസ് എന്നിവയിൽ ബയോട്ടിനും അടങ്ങിയിട്ടുണ്ട്. ഇവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി കരുത്തുറ്റ മുടിയിഴകൾ സ്വന്തമാക്കാനാവും.
പച്ചച്ചീര, മല്ലിയില, ഉലുവ ഇല തുടങ്ങി എല്ലാ ഇലക്കറികളിലും ഫോളേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നു. മുടിക്ക് ബലം നൽകുന്നതിന് ഇത് നിർണ്ണായകമായ ഘടകമാണ്.
മുട്ട, മത്സ്യം എന്നിവ് മുടിയുടെ ആരോഗ്യം വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മുട്ടയിൽ അടങ്ങിയിട്ടുള്ള ബി 5 മുടിക്ക് കൂടുതൽ ബലം നൽകുന്നു.
ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കാനും ഇത് സഹായിക്കും. ഇത് മുടിയുടെ വേരുകൾക്ക് ഓക്സിജൻ നൽകാൻ സഹായകമാണ്.
ഒമേഗ 3 ഫാറ്റി ആസിഡുകൾ ഉയർന്ന അളവിൽ ഉൾപ്പെട്ടിട്ടുള്ളതാണ് മത്സ്യം. കൂടാതെ വിറ്റാമിൻ ബി 3, വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 12 എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കും.
ഗോതമ്പ്, ഓട്സ്, ബാർലി, ധാന്യങ്ങൾ എന്നിവ പോലുള്ള മുഴുവൻ ധാന്യങ്ങളും വിറ്റാമിൻ ബി 1, ബി 2, ബി 3, ബി 5 എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള സമ്പൂർണ്ണ ബി-വിറ്റാമിനുകളുടെ കലവറയാണ്. മുടി ആരോഗ്യമുള്ളതാക്കാൻ ഈ പോഷകങ്ങൾ സഹായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക