പേടിഎം പേയ്മെന്റിനു മേൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി കഴിഞ്ഞ ദിവസമായിരുന്നു റിസർവ് ബാങ്ക് (ആർ.ബി.ഐ) ഉത്തരവിറക്കിയത്. 2024 ഫെബ്രുവരി 29 ന് ശേഷം നിക്ഷേപങ്ങളും ക്രെഡിറ്റ് ഇടപാടുകളും നിർത്താനാണ് ആർ.ബി.ഐ നിർദേശം. 1949 ലെ ബാങ്കിങ് റെഗുലേഷന് നിയമം സെക്ഷന്‍ 35 എ അനുസരിച്ചാണ് നടപടി.
ഈ വാർത്ത വന്നതിനു പിന്നാലെ ആർ.ബി.ഐയുടെ വിലക്ക് പേടിഎം ആപ്പ് പ്രവർത്തനരഹിതമാക്കുമോ? ഉപയോക്താക്കൾക്ക് ഇനി ആപ്പ് ഉപയോഗിക്കാൻ കഴിയില്ലേ? എന്നിങ്ങനെ ഉപയോക്താക്കൾക്ക് ഉണ്ടാകാവുന്ന സംശയങ്ങൾക്കുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍.
2024 ഫെബ്രുവരി 29 മുതൽ പുതിയ ഉപഭോക്താക്കളെ ചേർക്കരുത്, പേടിഎം ബാങ്കിന്റെ അക്കൗണ്ടിൽ നിക്ഷേപങ്ങൾ സ്വീകരിക്കുകയോ വാലറ്റുകൾ ടോപ്അപ് ചെയ്യുകയോ പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് ആർ.ബി.ഐ മുന്നോട്ടുവെച്ചത്.
എന്നാൽ, പേടിഎം യൂസർമാർ ആശങ്കപ്പെടേണ്ടതില്ലെന്നാണ് സ്ഥാപകൻ വിജയ് ശേഖര്‍ വ്യക്തമാക്കുന്നത്. ഫെബ്രുവരി 29 ന് ശേഷവും പേടിഎം ആപ്പ് സാധാരണ പോലെ തന്നെ പ്രവര്‍ത്തിക്കുമെന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. പേടിഎം ഉപയോക്താക്കൾക്ക് അഭിവാദ്യമർപ്പിച്ച അദ്ദേഹം എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ടെന്നും ചൂണ്ടിക്കാട്ടി.
To every Paytmer,
Your favourite app is working, will keep working beyond 29 February as usual.
I with every Paytm team member salute you for your relentless support. For every challenge, there is a solution and we are sincerely committed to serve our nation in full…— Vijay Shekhar Sharma (@vijayshekhar) February 2, 2024
പേടിഎമ്മിന്റെ മാതൃസ്ഥാപനമായി വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് (ഒസിഎല്‍) മറ്റ് ബാങ്കുകളുമായും പങ്കാളിത്തമുണ്ട്. ഇക്കാരണത്താല്‍ സ്വന്തം പേടിഎം പേമെന്റ്സ് ബാങ്കിന്റെ പ്രവര്‍ത്തനം തടസപ്പെട്ടാലും ഭൂരിഭാഗം സേവനങ്ങളും മറ്റ് ബാങ്കുകളുമായുള്ള പങ്കാളിത്തത്തിലൂടെ സേവനങ്ങള്‍ തുടരാന്‍ കമ്പനിക്കാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക