ഇന്ന് മിക്കവർക്കും വളരെ പെട്ടെന്ന് തന്നെ ബാധിക്കുന്ന ഒരു വലിയ ആരോഗ്യ പ്രശ്നമാണ് ഭക്ഷ്യവിഷബാധ. മഴക്കാലമായതിൽ പിന്നെ മാറുന്ന കാലാവസ്ഥയും ഭക്ഷണരീതിയും രോഗപ്രതിരോധശേഷിയെ ബാധിക്കുന്നതായും പഠനറിപ്പോർട്ടുകൾ പറയുന്നു. കൂടാതെ ഈയടുത്ത ദിവസങ്ങളിൽ ഹോട്ടലുകളിൽ നിന്നും പിടിച്ചെടുക്കുന്ന പഴകിയ ഭക്ഷണപദാർത്ഥങ്ങളും നമ്മുടെ ആരോഗ്യത്തെ വഷളാക്കുന്നു.
വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ പിടികൂടുന്നത്. ഈച്ചയും മറ്റു പ്രാണികളും ഭക്ഷണത്തിൽ വന്നിരുന്ന് ബാക്ടീരിയകൾ ഭക്ഷണത്തിനൊപ്പം ശരീരത്തിൽ പ്രവേശിച്ച് ശരിയായ ദഹനം നടക്കാതെ വരുന്നു.അത് പിന്നീട് ഛർദ്ദി, വയറിളക്കം, പനി, തലവേദന തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.
ഉണ്ടാക്കിയ ഭക്ഷണം ദീർഘനേരം അന്തരീക്ഷ ഊഷ്മാവിൽ വയ്ക്കുന്നത് നല്ലതല്ല.ആഹാരം ഉണ്ടാക്കിയ ശേഷം പെട്ടെന്ന് കഴിക്കണം, ചൂടോടെ. കൂടാതെ, സ്വാദ് കൂട്ടാൻ ഭക്ഷണത്തിൽ ഉപയോഗിക്കുന്ന പല രാസവസ്തുക്കളും വയറിന് അസ്വസ്ഥതയുണ്ടാക്കും.
കഠിനമായ വയറുവേദന, വയറിളക്കം, ഛർദ്ദി, തളർച്ച, തലവേദന, പനി എന്നി ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ ശ്രദ്ധികേണ്ടതാണ്. തുടർച്ചയായുള്ള ഛർദ്ദി, മലത്തിലൂടെയും ഛർദ്ദിയിലൂടെയും രക്തം പോവുക, മൂന്ന് ദിവസത്തിൽ കൂടുതലുള്ള വയറിളക്കം എന്നിവയ്ക്ക് ചികിത്സ അത്യാവശ്യമാണ്.
കൂടാതെ മഴക്കാലമായാലും ധാരാളം വെള്ളം കുടിക്കേണ്ടത് ശരീരത്തിന് അത്യാവശ്യമാണ്. നിർജലീകരണം തടയാൻ ഇത് മാത്രമാണ് പോംവഴി. കൂടാതെ കഴിവതും ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കാതെ വീട്ടിൽ തന്നെ വൃത്തിയായി ഉണ്ടാക്കിയ ഭക്ഷണം ഉപയോഗിക്കുക. മൽസ്യ-മാംസ വിഭവങ്ങൾ മഴക്കാലത്തു കഴിക്കുമ്പോൾ ശ്രദ്ധ വേണം.
ഭക്ഷ്യവിഷബാധ പിടിപെട്ടാൽ കട്ടികുറഞ്ഞ ഭക്ഷണങ്ങൾ,പഴങ്ങൾ, ഉലുവ, വെളുത്തുള്ളി, ചെറുനാരങ്ങാ നീര്, കഞ്ഞിവെള്ളം തുടങ്ങിയവ കഴിക്കുക. ഒ ആർ എസ് പാനീയം കുടിക്കുന്നതും നല്ലതാണ്.
അസുഖം മാറിക്കഴിഞ്ഞാലും കുറച്ചു നാളത്തേക്ക് ഒരു കരുതൽ വേണം. വയറിനു വിശ്രമം നല്കണം.അതിനായി കട്ടികുറഞ്ഞ ഭക്ഷണവും വെള്ളവും ധാരാളമായി ഉപയോഗിക്കുക.
ഫ്രിഡ്ജിൽ നിന്നെടുത്ത ഭക്ഷണം ഒരിക്കൽ ചൂടാക്കിയ ശേഷം വീണ്ടും ഫ്രിഡ്ജിൽ വയ്ക്കരുത്. അത് ഭക്ഷ്യവിഷബാധ മാത്രമല്ല പല അസുഖങ്ങൾക്കും കാരണമാകാം.
ചികിത്സയേക്കാൾ ഭേദം മുൻകരുതൽ തന്നെയാണ്. അല്പം അശ്രദ്ധയും മടിയും ചിലപ്പോൾ നമ്മുക് വലിയ നഷ്ടങ്ങൾ തന്നെ ഉണ്ടാക്കിയേക്കാം. അതിനായി സ്വന്തം ആരോഗ്യത്തിന് ഏറ്റവും കൂടുതൽ വിലയും പരിഗണനയും നൽകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക