അമിതവണ്ണം കുറയ്ക്കുന്നതിന് ഇന്ന് എല്ലാവരും പിന്തുടരുന്ന രീതിയാണ് കീറ്റോ ഡയറ്റ്. തൂക്കം പെട്ടെന്നു കുറയ്ക്കുന്നതിനും പ്രമേഹ രോഗനിയന്ത്രണത്തിനും ഇത് ഗുണം ചെയ്യും. പക്ഷേ, ഇത് ഏതെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടോ എന്ന് പലർക്കും അറിഞ്ഞു കൂടാ.
എന്താണ് കീറ്റോഡയറ്റ് ?
നാം കഴിക്കുന്ന ആഹാരത്തിലെ പ്രധാനഘടകം അന്നജമാണല്ലോ. ശരീരത്തിനാവശ്യമായ ഊർജ്ജത്തിന്റെ 65 ശതമാനവും ഈ അന്നജത്തിൽ നിന്നാണ് ലഭിക്കുന്നത്. കീറ്റോ ഡയറ്റ് എടുക്കുമ്പോൾ അന്നജത്തിന്റെ അളവ് വളരെ കുറച്ച് 5–10 ശതമാനം ആകുന്നു. ഇതിന്റെ ഫലമായി ഊർജ്ജത്തിന് ആവശ്യമായ അന്നജം കിട്ടാതെ വരുന്നതിനാൽ കൊഴുപ്പിൽ നിന്നും ശരീരം ഊർജ്ജം ഉൽപ്പാദിപ്പിക്കേണ്ടതായി വരുന്നു. കൊഴുപ്പ് ആദ്യം ഫാറ്റി അമ്ലങ്ങളായും പിന്നീട് കീറ്റോണുകളായും മാറ്റപ്പെടുന്നു. ഈ കീറ്റോണുകളെ ശരീരം ഊർജ്ജമാക്കി ഉപയോഗിക്കുന്നു. ശരീരം കീറ്റോസിസ് എന്ന അവസ്ഥയിലാവുന്നു. അതുകൊണ്ടാണ് ഈ ഡയറ്റിനെ കീറ്റോഡയറ്റ് എന്നു വിളിക്കുന്നത്. കീറ്റോ ഡയറ്റിൽ അന്നജത്തിന്റെ അളവ് ഗണ്യമായി കുറയുന്നതു കൂടാതെ കൊഴുപ്പിന്റെ അളവ് വളരെ കൂട്ടുകയും ചെയ്യുന്നു.
ഈ ഡയറ്റിലൂടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ
അമിത വണ്ണമുള്ളവർക്കും പ്രമേഹരോഗികൾക്കും ഇത് വളരെ ഗുണകരമാണ് . എന്നാൽ മറ്റുള്ളവർക്ക് ഇത് നന്നല്ല. ∙കീറ്റോ ഡയറ്റിൽ കൊഴുപ്പ് കൂടുതലുള്ളതുകൊണ്ട് ഹൃദ്രോഗങ്ങൾ, സ്ട്രോക്ക്, ചില കാൻസറുകൾ എന്നിവ ഉണ്ടാവാൻ സാധ്യതയുണ്ട്. നാരുകൾ കുറവായതുകൊണ്ട് മലബന്ധം, കോളൻ കാൻസർ എന്നിവയ്ക്കും സാധ്യതയേറുന്നു. മാംസത്തിൽ നിന്നുള്ള പ്രോട്ടീൻ അധികം ശരീരത്തിലെത്തുന്നതും പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവാം. ശരീരത്തിനാവശ്യമായ എല്ലാ വൈറ്റമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ലഭിക്കാതെ വരുന്നത് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നമ്മളെ നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക