വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഭക്ഷണമാണ് ഓട്ട്സ്. അതുകൊണ്ട് തന്നെയാണ് മിക്കവരും പ്രഭാതഭക്ഷണമായി ഓട്ട്സ് തന്നെ തെരഞ്ഞെടുക്കുന്നത്. മാംഗനീസ്, പ്രോട്ടീൻ, ഫോസ്ഫറസ്, അയേൺ തുടങ്ങി ശരീരത്തിന് അവശ്യം വേണ്ട പല ഘടകങ്ങളും ഓട്ട്സിലടങ്ങിയിരിക്കുന്നു. ഫൈബറിനാലും സമ്പുഷ്ടമാണ് ഓട്ട്സ്.
ഫൈബർ ദഹനപ്രവർത്തനത്തെ ഏറ്റവുമധികം സുഗമമാക്കുന്ന ഘടകമാണ്. കലോറി കുറവായ ഭക്ഷണമായതിനാൽ തന്നെ വണ്ണം കൂടുമെന്ന പേടി ഓട്ട്സ് കഴിക്കുമ്പോൾ വേണ്ട.
പ്രധാനമായും വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരാണ് ബോധപൂർവ്വം ഡയറ്റിൽ ഓട്ട്സ് ഉൾപ്പെടുത്തുന്നത്. എന്നാൽ ഓട്ട്സും ശരിയായ രീതിയിലല്ല കഴിക്കുന്നതെങ്കിൽ വണ്ണം കുറയ്ക്കാൻ സഹായിക്കുകയില്ലെന്ന് മാത്രമല്ല, വണ്ണം കൂട്ടാൻ ഇടയാക്കുകയും ചെയ്യും. അത് എങ്ങനെയെന്ന് വിശദമാക്കാം.
ഓട്ട്സും പ്രോസസ് ചെയ്ത് വരുന്ന ഭക്ഷണമാണ്. പ്രോസസിംഗിന്റെ അടിസ്ഥാനത്തിൽ മൂന്ന് തരത്തിലുള്ള ഓട്ട്സ് വിപണിയിലെത്തുന്നുണ്ട്. ഇതിൽ ഏറ്റവും കുറവായി പ്രോസസ് ചെയ്യപ്പെുന്നത് ‘റോൾഡ് ഓട്ട്സ്’ ആണ്. ഇതാണ് ആരോഗ്യം ശ്രദ്ധിക്കുന്നവർക്ക് കഴിക്കാൻ നല്ലത്. ഫ്ളേവേർഡ് ഓട്ട്സ് ശരീരത്തിന് അത്ര നല്ലതല്ല. കാരണം അതിനകത്ത് ഷുഗർ അടക്കമുള്ള ഘടകങ്ങൾ അധികമായി വരുന്നുണ്ട്.
അതുപോലെ ഓട്ട്സിനൊപ്പം ഉപയോഗിക്കുന്ന മറ്റ് ചേരുവകളും നമ്മൾ പ്രത്യേകം പരിഗണനയിലെടുക്കേണ്ടതുണ്ട്. പാൽ ഉപയോഗിക്കുന്നവരാണെങ്കിൽ കൊഴുപ്പ് കുറഞ്ഞ പാൽ തന്നെ തെരഞ്ഞെടുക്കുക. ഇതും പരിമിതമായ അളവിൽ മാത്രം ഉപയോഗിക്കുക. പഞ്ചസാരയും കഴിവതും ഒഴിവാക്കുക. അല്ലാത്ത പക്ഷം ഓട്ട്സ് കഴിക്കുന്നു എന്ന് മാത്രമേ ഉള്ളൂ, വണ്ണം കുറയുന്ന സാഹചര്യമുണ്ടാവുകയില്ല.
പീനട്ട് ബട്ടർ, ചോക്ലേറ്റ് ചിപ്സ് എന്നിവയെല്ലാം ചേർത്ത് ഓട്ട്സ് പതിവായി കഴിച്ചാലും വണ്ണം കൂടാം. കാരണം ഇവയിലെല്ലാം കലോറി കൂടുതലായി വരുന്നുണ്ട്. ഓട്ട്സ് തയ്യാറാക്കുമ്പോൾ അധികം ഓയിലും ചേർക്കരുത്.അൽപം തേൻ, നെയ്യ്, ഫ്രഷ് ഫ്രൂട്ട്സ്, നട്ട്സ് എന്നിവയെല്ലാം ഓട്ട്സ് തയ്യാറാക്കുമ്പോൾ ചേർക്കാവുന്നതാണ്. പ്രോട്ടീൻ കുറവ് നേരിടുന്നുണ്ടെങ്കിൽ ഇതിലേക്ക് ഒരു ടീസ്പൂൺ പ്രോട്ടീൻ പൗഡറും ചേർക്കാം. ബീൻസ്, പീസ്, കാരറ്റ് എന്നിവയാണ് ഓട്ട്സിൽ ചേർക്കാൻ ഏറ്റവും അനുയോജ്യമായ പച്ചക്കറികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക