നല്ല ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പ്രധാനമാണ് ഉറക്കം. ദിവസം മുഴുവൻ ഉന്മേഷത്തോടെ തുടരണമെങ്കിൽ നല്ല ഉറക്കം കൂടിയേ തീരൂ. എന്നാൽ പലർക്കും രാത്രി നല്ല ഉറക്കം കിട്ടാറില്ല എന്നതാണ് വാസ്തവം. തലച്ചോറിന്റെ പ്രവർത്തനം, വിഷാദം, ഓർമ്മശക്തി, പ്രതിരോധശേഷി തുടങ്ങിയ കാര്യങ്ങളെയെല്ലാം ഉറക്കക്കുറവ് ബാധിക്കും.
രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ക്ഷോഭം, പകൽ സമയങ്ങളിൽ ഉണ്ടാകുന്ന ഉറക്കം, രോഗപ്രതിരോധ ശേഷി ദുർബലമാവുക, ഉയർന്ന രക്തസമ്മർദ്ദം, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്ക് എല്ലാം കാരണമാകും.
ഭക്ഷണത്തിലെ ചില പോഷകങ്ങള്‍ ഉറക്കത്തെ സ്വാധീനിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഭക്ഷണക്രമത്തില്‍ ചിലത് കൂടുതലായി ഉള്‍പ്പെടുത്തുകയും സ്ഥിരമായി കഴിക്കുകയും ചെയ്താല്‍ ഉറക്കക്കുറവ് പരിഹരിക്കാം.
രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം
പാല്
ഒരു ഗ്ലാസ് ചൂട് പാല് എന്നും രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ഉറക്കം ലഭിക്കാന്‍ സഹായിക്കും. പാലിലുള്ള കാത്സ്യമാണ് ഉറക്കം കിട്ടാനുള്ള കാരണം. ഉറക്കത്തെ സഹായിക്കുന്ന ‘മെലാറ്റോണിന്‍’ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന ‘ട്രിപ്റ്റോഫാനെ’ തലച്ചോറിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനമാണ് കാത്സ്യം ചെയ്യുന്നത്.
ബദാം
ശരീരത്തില്‍ മഗ്നീഷ്യം അളവ് കുറയുമ്പോള്‍ ചിലരില്‍ ഉറക്കക്കുറവ് അനുഭവപ്പെടാം. മഗ്നീഷ്യം നല്ല അളവില്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്റെ ഉത്പാദനം നിയന്ത്രിക്കുന്നു.
മത്തന്‍ വിത്ത്
വറുത്തെടുത്ത മത്തന്‍ വിത്ത് നല്ല ഉറക്കത്തിന് സഹായിക്കുന്ന ഒന്നാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാന്‍, മഗ്നീഷ്യം, സിങ്ക് എന്നിവ മെലാറ്റോണിന്റെ ഉത്പാദനം ത്വരിതപ്പെടുത്തുന്നു.
നേന്ത്രപ്പഴം
രാത്രിയില്‍ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിലെ പേശികളെ വിശ്രമിക്കാന്‍ സഹായിക്കും. ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ളതാണ് നേന്ത്രപ്പഴം. പൊട്ടാസ്യവും മഗ്നീഷ്യവും ശരീരം ആയാസരഹിതമാക്കി ഉറക്കത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഇത് മസ്തിഷ്കത്തിലെ ഉഷ്ണനില താഴ്ത്തി നിര്‍ത്തുന്നതിനും ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
കിവി
ധാതുക്കളും വിറ്റാമിനുകളും ധാരാളമായി അടങ്ങിയ പഴങ്ങളിലൊന്നാണ് കിവി പഴം. വിറ്റാമിന്‍ സി, ഇ എന്നിവയും പൊട്ടാസ്യം, ഫോളേറ്റ് എന്നിവയും കിവിയില്‍ അടങ്ങിയിരിക്കുന്നു. ഉയര്‍ന്ന ആന്റി ഓക്സിഡന്റ് അളവുകളുള്ള ഒരു പഴം കൂടിയാണ് കിവി. നിരവധി ആരോഗ്യ ആനുകൂല്യങ്ങള്‍ നല്കുന്ന അതേ ആന്റി ഓക്സിഡന്റിന്റെ കഴിവ് ഉറക്കത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും.
ഓട്സ്
ഓട്സിൽ ഫൈബര്‍, വിറ്റാമിന്‍ ബി എന്നിവ കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്. ഗോതമ്പിൽ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക് എന്നിവയും ഓട്സില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഓട്സ് ഉറക്കം ലഭിക്കാന്‍ വളരെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക