പ്രകൃതിയുടെ മനോഹാരിത കണ്ട് ഒരു ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോകാവുന്നയിടമാണ് കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള പ്രദേശമായ ഇല്ലിക്കൽ കല്ല്. മീനച്ചിലാറിന്റെ തുടക്കസ്ഥാനമാണ് ഈ കൊടുമുടി. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 4000 അടി ഉയരമുള്ള ഇല്ലിക്കൽ കല്ല് മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന പാറ കൂനൻ കല്ലെന്നും അറിയപ്പെടുന്നു. കോട്ടയം ജില്ലയിലെ ഏത് ഉയർന്ന പ്രദേശത്തു നിന്നു നോക്കിയാലും ആകാശത്തോടൊപ്പം ഉയർന്നു നിൽക്കുന്ന ഈ മല കാണാം. ഈരാറ്റുപേട്ടയ്ക്കടുത്ത് മൂന്നിലവ്, തലനാട് പഞ്ചായത്തുകൾക്ക് അതിർ വരമ്പ് നിശ്ചയിക്കുന്നത് ഈ മലനിരകളാണ്.
തലനാട് പഞ്ചായത്തിലെ മേലടുക്കത്തുനിന്ന് 22 ഹെയർപിൻ വളവുകൾ പിന്നിട്ട് ആറു കിലോമീറ്റർ ഉയരത്തിലേക്ക് സഞ്ചരിച്ചാൽ ഇല്ലിക്കൽ താഴ്വരയിലെത്താം. ഇല്ലിക്കൽകല്ലിന് അഭിമുഖമായി ഇല്ലിക്കൽകല്ലോളം ഉയരത്തിലുള്ള പേഴക്കല്ലുമുണ്ട്. കുന്ന് കയറി 50 മീറ്റർ മറുവശത്തേക്കിറങ്ങിയാൽ ഇല്ലിക്കൽ കല്ലിന് അടിയിലെത്താം. ഇവയ്ക്കിടയിലായി 20 അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്. ഈ കല്ലിൽ അരയടി മാത്രം വീതിയുള്ള ‘നരകപാലം’ എന്ന ഭാഗമുണ്ട്. പ്രകൃതിരമണീയമായ ഈ സ്ഥലത്തേക്ക് പുതിയ ഒരു നാട്ടുവഴി നിർമിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് വലിയ ആയാസം കൂടാതെ ഇനി ഇല്ലിക്കൽ കല്ലിലെത്താം. എന്നാൽ കീഴ്ക്കാംതൂക്കായി നിൽക്കുന്ന ഈ പാറക്കെട്ടുകൾക്ക് മുകളിലൂടെയുള്ള സഞ്ചാരത്തിനും അൽപം സാഹസികതയും ധൈര്യവുമൊക്കെ വേണം. വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറ ഇതിനോട് ചേർന്നു കിടക്കുന്നയിടമാണ്.
ഈ കൊടുമുടിയുടെ മുകളിൽ നീലക്കൊടുവേലി ഉണ്ടെന്ന് പണ്ടുള്ളവർ വിശ്വസിച്ചു പോന്നിരുന്നു. ഇപ്പോഴും അവിടെയുള്ളവർ അങ്ങനെ തന്നെ വിശ്വസിക്കുന്നുണ്ട്. ഈ കൊടുമുടിയുടെ മുകളിൽ നിന്നാൽ അറബിക്കടലും ഉദയവും അസ്തമയവും കാണാൻ കഴിയും. തലനാട് വഴിയും അയ്യമ്പാറ വഴിയും ഇല്ലിക്കൽ കല്ലിലെത്താം.
Also Read : മലപ്പുറത്തെ മിനി ഊട്ടിയിൽ പോയാൽ ആകാശോം കാണാം അറബിക്കടലും കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക