ഡല്‍ഹി: കാണാതായ 76 കുട്ടികളെ കണ്ടെത്തി വീട്ടുകാരെ ഏല്‍പ്പിച്ച വനിതാ ഹെഡ് കോണ്‍സ്റ്റബിളിന് ഡല്‍ഹി പൊലീസ് മുന്‍കൂര്‍ പ്രമോഷന് നല്കി. ഇതോടെ മികച്ച സേവനത്തിന് പ്രോത്സാഹനമായി പ്രമോഷന് കിട്ടുന്ന ഡല്‍ഹിയിലെ ആദ്യത്തെ പൊലീസ് ഓഫീസറായി സീമ ധക്ക മാറി.
കാണാതായ കുട്ടികളെ ഡല്‍ഹിയില്‍ നിന്ന് മാത്രമല്ല, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയതില്‍ 56 കുട്ടികളും 14 വയസ്സിന് താഴെയുള്ളവരാണ്.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയിലാണ് സീമ അന്വേഷണം നടത്തിയത്. മൂന്ന് മാസത്തെ അന്വേഷണത്തിലൂടെയാണ് കുട്ടികളെയെല്ലാം കണ്ടെത്തിയതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
കുട്ടികളെ കാണാതാകുന്ന കേസുകള്‍ മികച്ച രീതിയില്‍ അന്വേഷിച്ച് കണ്ടെത്തുന്നവര്‍ക്ക് പ്രമോഷന് നല്കുന്ന പദ്ധതി ഡല്‍ഹി പൊലീസ് കമ്മീഷ്ണര്‍ എസ്.എന്‍ ശ്രീവാസ്തവ കഴിഞ്ഞ ആഗസ്റ്റിലാണ് ആരംഭിച്ചത്.
കോണ്‍സ്റ്റബിള്‍, ഹെഡ്കോണ്‍സ്റ്റബിള്‍ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ കാണാതായ 50തോ അതിലധികമോ കുട്ടികളെ ഒരു വര്‍ഷം കണ്ടെത്തണം. കുട്ടികള്‍ക്ക് 14 വയസ്സില്‍ കൂടുതലാകരുത്. കണ്ടെത്തുന്ന 15 കുട്ടികള്‍ എട്ട് വയസ്സിന് താഴെയുള്ളവരായിരിക്കണം. എന്നിവയാണ് മുന്‍കൂര്‍ പ്രമോഷനുള്ള യോഗ്യത. ഈ ഉത്തരവ് ഇറങ്ങിയതോടെ കുട്ടികളെ കാണാതായ പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക